കാണികളുടെ ആരവമില്ല; ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് ഗോവയില്‍ തുടക്കം

11 ടീമുകള്‍,മൂന്നു വേദികള്‍,115 മല്‍സരങ്ങള്‍ എന്നിങ്ങനെയാണ് ഇത്തവണത്തെ ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക.ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ബഗാനെ നേരിടുന്നത് കേരള ബ്ലാസ്റ്റേഴ്സ്. വൈകിട്ട് 7.30നാണ് കിക്കോഫ്

Update: 2020-11-20 02:51 GMT

കൊച്ചി: സ്‌റ്റേഡിയങ്ങളില്‍ തിങ്ങിനിറയുന്ന കാണികളുടെ ആരവില്ലാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്ഏഴാമത് സീസണ് ഗോവയുടെ മണ്ണില്‍ ഇന്ന് തുടക്കമാകും.11 ടീമുകള്‍,മൂന്നു വേദികള്‍,115 മല്‍സരങ്ങള്‍ എന്നിങ്ങനെയാണ് ഇത്തവണത്തെ ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക.ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ബഗാനെ നേരിടുന്നത് കേരള ബ്ലാസ്റ്റേഴ്സ്. വൈകിട്ട് 7.30നാണ് കിക്കോഫ്.ഇന്ത്യക്ക് പുറമെ 82 രാജ്യങ്ങളിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണമുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടലുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ കായിക മാമാങ്കം കൂടിയാണിത്.

ഐ ലീഗ് ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ എടികെയില്‍ ലയിച്ച് ഒരു ടീമായതും ഈസ്റ്റ് ബംഗാള്‍ പതിനൊന്നാമത്തെ ടീമായി രംഗപ്രവേശനം ചെയ്തതുമാണ് ഏഴാം പതിപ്പിന്റെ പ്രധാന സവിശേഷത. കഴിഞ്ഞ സീസണില്‍ 95 മല്‍സരങ്ങളുണ്ടായിരുന്നത് ഇത്തവണ 115 ആയി. എല്ലാ ക്ലബ്ബുകളും ഹോം-എവേ ഫോര്‍മാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണ്‍ അവസാനം പോയിന്റ് റാങ്കിങ്ങില്‍ ആദ്യമെത്തുന്ന മികച്ച നാലു ക്ലബ്ബുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. കൊവിഡ് പശ്ചാത്തലത്തില്‍ കളിക്കാരുടെ കായികക്ഷമതയും സുരക്ഷയും കണക്കിലെടുത്ത് പകരക്കാരായുള്ള പരമാവധി കളിക്കാരുടെ താരങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചു താരങ്ങളെ പരമാവധി മൂന്ന് ഇടവേളകളില്‍ ഉപയോഗിക്കാം. ഹാഫ്ടൈം ഇടവേളയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താതെയാണിത്. പുതിയ നിയമപ്രകാരം എല്ലാ ടീമിലും ഒരു ഏഷ്യന്‍ വിദേശ താരവും ഉള്‍പ്പെട്ടിട്ടുണ്ട്. ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, വാസ്‌കോ തിലക് നഗര്‍ സ്റ്റേഡിയം എന്നിവയാണ് മറ്റു മല്‍സരവേദികള്‍. ഐപിഎല്‍ ക്രിക്കറ്റില്‍ വേദികളില്‍ കണ്ട ഫാന്‍ വാള്‍ സംവിധാനം ഐഎസ്എലിലും പരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു സീസണുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും അടിമുടി മാറ്റം വരുത്തിയാണ് പുതിയ സീസണിനിറങ്ങുന്നത്. ലീഗില്‍ ഇതുവരെ കപ്പുയര്‍ത്താന്‍ ടീമിനായിട്ടില്ല. രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും ചാംപ്യന്‍ പട്ടം മാത്രം സ്വപ്‌നമായി അവശേഷിച്ചു. സ്പോര്‍ട്ടിങ് ഡയക്ടര്‍ കരോലിസ് സ്‌കിങ്കിസ് ടീമിന്റെ ഭാഗമായതോടെയാണ് ബ്ലാസ്റ്റേഴ്സില്‍ വലിയ മാറ്റങ്ങളുണ്ടായത്. ഷട്ടോരിയെ ഒഴിവാക്കി സ്പാനിഷ് പരിശീലകന്‍ കിബു വികുനയെ ടീമിലെത്തിച്ചു. കഴിഞ്ഞ ഐ ലീഗ് സീസണില്‍ മോഹന്‍ ബഗാന് കിരീടം സമ്മാനിച്ച പരിശീലകന് അതേ ടീം ചേര്‍ന്നിണങ്ങിയ ക്ലബ്ബ് തന്നെയാണ് ആദ്യ പരീക്ഷണം. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്ന സന്ദേശ് ജിംഗന്‍ ഇത്തവണ ടീമിനൊപ്പമില്ല. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ച മാത്രമാണ് ടീമില്‍ നിലനിര്‍ത്തപ്പെട്ട കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക വിദേശ താരം.

ബര്‍ത്തൊലൊമി ഒഗ്ബെച്ചെ, മാറ്റെജ് പോപ്ലാറ്റ്നിക്, സ്ലാവിസ സ്റ്റോജനൊവിച്ച്, ജിയാനി സുയിവര്‍ലൂണ്‍, മരിയോ ആര്‍ക്വസ് എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം ഹാലിചരന്‍ നര്‍സാരിയും, ടി.പി രഹനേഷും അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളും ക്ലബ് വിട്ടു.അതേ സമയം മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാനിധ്യമുണ്ട് ഇത്തവണയും ടീമില്‍. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടിയ ലെഫ്റ്റ് ബാക്ക് ജെസ്സല്‍ കെര്‍ണെയ്റോയ്ക്കൊപ്പം സെത്യാസെന്‍ സിങ്, കെ പി രാഹുല്‍ ,കെ പ്രശാന്ത്, അബ്ദുല്‍ ഹക്കു, സഹല്‍ അബ്ദുള്‍ സമദ് എന്നിവരുടെയും കരാര്‍ നീട്ടി. ബംഗളൂരു എഫ്സിയില്‍ നിന്ന് നിഷു കുമാറിനെ ടീമിലെത്തിക്കാനായത് നേട്ടമായി. ഐലീഗില്‍ നിന്ന് റിത്വിക് ദാസ്, ദെനചന്ദ്ര മേത്തയ്, ഗിവ്സണ്‍ സിങ്്, സന്ദീപ് സിങ് എന്നിവരും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി. മറ്റു ക്ലബ്ബുകളില്‍ നിന്ന് രോഹിത് കുമാര്‍, പ്യൂട്ടിയ, പ്രഭുഖാന്‍ സിങ് ഗില്‍ എന്നിവരും മഞ്ഞപ്പടയിലെത്തി.വിദേശ താരങ്ങളുടെ സൈനിങിലും ടീം വിജയിച്ചു. മികച്ച വേഗതയും ടാക്ടിക്സും കൈമുതലുള്ള അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേര, റൊണാള്‍ഡോ, മെസി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കളിച്ച് അനുഭവ സമ്പത്തുള്ള വിസെന്റെ ഗോമസ്, മുന്‍നിര ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കളിച്ച ഗാരി ഹൂപ്പര്‍, മുന്‍ സിംബാബ്വെ ഇന്റര്‍നാഷണല്‍ കോസ്റ്റ നമൊയിന്‍സു, മുന്‍ ലിയോണ്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ബക്കാരി കോനെ, ഓസ്ട്രേലിയന്‍ ഫോര്‍വേര്‍ഡ് ജോര്‍ദാന്‍ മറെ എന്നിവരാണ് ടീമിന്റെ വിദേശകരുത്ത്.

കൂടുതല്‍ കരുത്തരായിട്ടാണ് എടികെ മോഹന്‍ബഗാന്‍ എത്തുന്നത്.കഴിഞ്ഞതവണ ഐഎസ്എല്‍ കിരീടം നേടിയ എടികെയ്ക്കൊപ്പം ഐ ലീഗ് കിരീടം നേടിയ മോഹന്‍ബഗാന്‍ ലയിച്ചാണ് പുതിയ ടീം. ഐഎസ്എലില്‍ മികച്ച റെക്കോഡുള്ള ടീമാണ് എടികെ എംബി. അന്റോണിയോ ലോപ്പസ് ഹബാസിന്റെ കീഴില്‍ നാലാം ലീഗ് കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. അതിനൊത്ത താരനിര ഇത്തവണയും ടീമിനുണ്ട്. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, എഡു ഗാര്‍സിയ എന്നിവരുടെ ആക്രമണ മികവാണ് പോയ സീസണില്‍ ടീമിന് കരുത്തായത്. പ്രീതം കോട്ടാല്‍, പ്രബീര്‍ ദാസ്, സുമിത് രതി, പ്രണെയ് ഹാല്‍ഡര്‍, ജവി ഹെര്‍ണാണ്ടസ്, കാള്‍ മക് ഹഗ്, ജയേഷ് റാണെ, മൈക്കല്‍ സൂസൈരാജ്, അരിന്ദം ഭട്ടാചാര്‍ജ എന്നിവരും കഴിഞ്ഞ സീസണില്‍ എടികെയുടെ കിരീട വിജയത്തിന്റെ ഭാഗമായിരുന്നു. ഈ താരനിരയിലേക്ക് സുഭാഷിഷ് ബോസ്, സന്ദേഷ് ജിംഗന്‍ എന്നിവര്‍ കൂടി എത്തുന്നത് ടീമിന്റെ പ്രതിരോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. മിഡ്ഫീല്‍ഡില്‍ ബ്രാഡന്‍ ഇന്‍മാന്‍, ഗ്ലാന്‍ മാര്‍ട്ടിന്‍സും എന്നിവരുടെ സാനിധ്യവും തുണയാകുമെന്നാണ് പ്രതീക്ഷ

Tags:    

Similar News