ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് ഒഡീഷ

നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍് കഴിയാതെ വന്നതോടെ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റഴേസ് ഒരു പോയിന്റുകൊണ്ട് തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. ഇത്രയും പോയിന്റുതന്നെയുള്ള ഒഡീഷ അഞ്ചാം സ്ഥാനത്തും.നവംബര്‍ 23ന് ബംഗളുരുവില്‍ ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം

Update: 2019-11-08 16:43 GMT

കൊച്ചി: രണ്ടാം ജയത്തിനായി സ്വന്തം മൈതാനത്തിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ച് ഒഡീഷ എഫ് സി.നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍് കഴിയാതെ വന്നതോടെ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റഴേസ് ഒരു പോയിന്റുകൊണ്ട് തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. ഇത്രയും പോയിന്റുതന്നെയുള്ള ഒഡീഷ അഞ്ചാം സ്ഥാനത്തും.ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ കളിക്കാനിറങ്ങിയത്. മുന്നേറ്റത്തില്‍ മെസി ബൗളി പകരം വന്നു.മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍, കെ പ്രശാന്ത്, സെര്‍ജിയോ സിഡോഞ്ച, മുഹമ്മദ് നിങ് എന്നിവരും. പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്, ജയ്റോ റോഡ്രിഗസ്, ജെസെല്‍ കര്‍ണെയ്റോ, രാജു ഗെയ്ക്ക്വാദ് എന്നിവരെത്തി. മഞ്ഞകുപ്പായത്തില്‍ കൊച്ചിയില്‍ ആദ്യമായി ടി പി രഹനേഷും ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കാന്‍ എത്തി.

മറുവശത്ത് 4-2-3-1 ശൈലിയില്‍ അരിഡനെ സന്റനയെ മുന്നിലവതരിപ്പിച്ചാണ് ഒഡീഷ പോരാട്ടത്തിനിറങ്ങിയത്. അവസാന കളിയില്‍ മുംബൈയെ തോല്‍പ്പിച്ച ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഒഡീഷയിറങ്ങിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോ നിന്നു. പ്രതിരോധത്തില്‍ ശുഭം സാരംഗി, റാണാ ഗരാമി, നാരായണ്‍ ദാസ്എന്നിവര്‍. ദിവാന്‍ഡ ഡിയാനെ, ക്യാപ്റ്റന്‍ മാര്‍കോസ് ടെബര്‍, വിനീത് റായ്, ജെറി മാവിമിംഗതംഗ, സിസ്‌കോ ഹെര്‍ണാണ്ടസ്, നന്ദകുമാര്‍ ശേഖര്‍ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. മുന്നേറ്റത്തില്‍ അറിഡാനെ സന്താനയും ഇടംപിടിച്ചു.കളിയുടെ ആദ്യ മിനിട്ടുകളില്‍തന്നെ ദൗര്‍ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ വേട്ടയാടി. പ്രതിരോധത്തിലെ ഹീറോ ക്യാപ്റ്റന്‍ ജയ്റോ റോഡ്രിഗസ് പരിക്കുകാരണം മടങ്ങി. അബ്ദുള്‍ ഹക്കുവായിരുന്നു പകരക്കാരന്‍.കളിയിലേക്ക് പതുക്കെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു. മെസി ബൗളി ബോക്സിന് പുറത്തു നിന്നും ഉതിര്‍ത്ത ഷോട്ട് ഒഡിഷ മധ്യനിരക്കാരന്‍ ദിവാന്‍ഡ ഡിയാനെ ക്ലിയര്‍ ചെയ്തു. പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പെനല്‍റ്റിക്ക് വാദിച്ചെങ്കിലും റഫറി നല്‍കിയില്ല.



 








പ്രശാന്ത് വലതുപാര്‍ശ്വത്തില്‍നിന്ന് ഒഴുക്കിയ ക്രോസ് സെര്‍ജിയോ സിഡോഞ്ച് സ്വീകരിച്ചു. നല്ലൊരു ഹെഡര്‍ ബോക്സിലേക്ക് പാഞ്ഞു. എന്നാല്‍ ഡിയാനെ വീണ്ടും തടഞ്ഞു. പന്ത് ഡിയാനെയുടെ കൈയില്‍ തട്ടിയതായി ബ്ലാസ്റ്റേഴ്സ് വാദിച്ചു. റഫറി അനുവദിച്ചില്ല. മറുവശത്ത് സിസ്‌കോ ഹെര്‍ണാണ്ടസിലൂടെ ഒഡീഷയും ശ്രമിച്ചു.23-ാം മിനിറ്റില്‍ പരിക്ക് വീണ്ടും ബ്ലാസ്റ്റേഴ്സിനെ തളര്‍ത്തി. കോര്‍ണറില്‍നിന്നെത്തിയ പന്തിനായി മെസി ബൗളിയും അറിഡാനെയും ഒരുമിച്ചുയര്‍ന്നു. കൂട്ടിയിടിച്ച് വീണു. തലയ്ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കളി തുടരാനായില്ല.മെസി ബൗളിക്ക് പകരം മുഹമ്മദ് റാഫി കളത്തിലെത്തി. അറിഡാനെയ്ക്ക് പകരം ഒഡീഷ നിരയില്‍ ഡെല്‍ഗാഡോയും ഇറങ്ങി.35-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ അതിമനോഹര പ്രകടനം ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിക്കേണ്ടതായിരുന്നു.വലതു വശത്ത് മൂന്ന് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത മുന്നേറിയ സഹല്‍ ബോക്സില്‍ കടന്നു. റാണാ ഗരാമിയും നാരായണ്‍ദാസും ചേര്‍ന്ന് സഹലിനെ വീഴ്ത്തി. ബ്ലാസ്റ്റേഴ്സ് വീണ്ടും പെനല്‍റ്റിക്കായി വാദിച്ചു. ഇക്കുറിയും റഫറി നിരാകരിച്ചു. വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. വലതുപാര്‍ശ്വത്തില്‍നിന്ന് മുഹമ്മദ് റാഫിയുടെ ക്രോസ്. സഹല്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. സഹലിന് കിട്ടിയില്ല. പന്ത് രാഹുലിന് മുന്നില്‍. സിസര്‍ കട്ടിലൂടെ രാഹുല്‍ ശ്രമം നടത്തിയെങ്കിലും വലയിലേക്കെത്തിയില്ല.



 








ആദ്യപകുതിയില്‍ ഗോളുകളില്ലാതെ ഇരു ടീമുകളും അവസാനിപ്പിച്ചു.രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഒഡീഷ കൂടുതല്‍ ആക്രമണം പുറത്തെടുത്തു.ഒഡീഷയ്ക്ക് വേണ്ടി ജെറി മാവിമിംഗതംഗ പായിച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പര്‍ ടി പി രഹ്നേഷ് കുത്തിയകറ്റി. 63-ാം മിനിറ്റില്‍ പ്രശാന്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ഒഡീഷ മുന്നേറ്റം നടത്തിയപ്പോഴെല്ലാം രാജു ഗെയ്ക്ക്വാദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ചെറുത്തുനിന്നു. 78-ാം മിനിറ്റില്‍ റാഫിക്ക് പകരം ഒഗ്ബെച്ചെ മൈതാനത്ത് ഇറങ്ങി.86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് തൊട്ടരികെയത്തി. ഒഡീഷ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോയുടെ സേവ് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു. പ്രശാന്ത് പായിച്ച ക്രോസ് ഒഗ്ബെച്ചെയുടെ തലയില്‍തട്ടി രാഹുലിന് മുന്നില്‍ വീണു. പന്ത് നിയന്ത്രിച്ച് ശക്തമായ അടിയാണ് രാഹുല്‍ ഉതിര്‍ത്തത്. എന്നാല്‍ ഡൊറെന്‍സോറോ അത് തടഞ്ഞു. ഇഞ്ചുറി ടൈമിലും ബ്ലാസ്റ്റേഴ്സ് ശക്തമായ ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. നവംബര്‍ 23ന് ബംഗളുരുവില്‍ ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം 

Tags:    

Similar News