ഐഎസ്എല്‍ : പ്രീ-സീസണ്‍ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കൊച്ചിയിലേക്ക്
ഡ്യുറന്റ് കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ് കളിക്കാര്‍ സെപ്തംബര്‍ 26ന് കൊച്ചിയിലേക്ക് മടങ്ങും. അല്‍വാരോ വാസ്‌ക്വേസ് ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളും കല്‍ക്കത്തയില്‍ വെച്ച് ടീമിനൊപ്പം ചേര്‍ന്നു. വാസ്‌ക്വേസ് ഈയാഴ്ച അവസാനം കൊച്ചിയില്‍വച്ച് ടീമില്‍ ചേരും
കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിലേക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഒരുങ്ങുന്നു. ഡ്യുറന്റ് കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ് കളിക്കാര്‍ സെപ്തംബര്‍ 26ന് കൊച്ചിയിലേക്ക് മടങ്ങും. അല്‍വാരോ വാസ്‌ക്വേസ് ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളും കല്‍ക്കത്തയില്‍ വെച്ച് ടീമിനൊപ്പം ചേര്‍ന്നു. വാസ്‌ക്വേസ് ഈയാഴ്ച അവസാനം കൊച്ചിയില്‍വച്ച് ടീമില്‍ ചേരും. മൂന്നാഴ്ചയാണ് കൊച്ചിയില്‍ ടീമിന്റെ പരിശീലനം. ഈ കാലയളവില്‍ രണ്ട് സൗഹൃദ മല്‍സരങ്ങള്‍ കളിക്കും. ഒക്‌ടോബര്‍ പകുതിയോടെ ഐഎസ്എലിനായി ഗോവയിലേക്ക് പുറപ്പെടും
. താരങ്ങളുടെ പരിക്കുമാറിയതിന്റെ സന്തോഷത്തിലാണ് ടീം. ഡ്യൂറന്റ് കപ്പിലെ ആദ്യ കളിക്കിടെ നേരിയ പരിക്കേറ്റ അബ്ദുള്‍ ഹക്കു പരിശീലനത്തിനായി ടീമിനൊപ്പം ചേരും. കഴിഞ്ഞ 8 ആഴ്ചയായി പരിചരണത്തിലുള്ള നിഷുകുമാറും ഒക്‌ടോബര്‍ ആദ്യവാരം ടീമിനൊപ്പമെത്തും. കല്‍ക്കത്തയില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് തങ്ങള്‍ എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.
ഇവിടേക്ക് തിരിച്ചെത്തി പരിശീലനം നടത്താന്‍ കഴിയുന്നത് വലിയ കാര്യമാണ്. കൊച്ചിയില്‍ 15-20 ദിവസം പരിശീലനം നടത്താനാകും. അതിനിടെ ചില സൗഹൃദ മല്‍സരങ്ങളുടെയും ഭാഗമാകും. പുതിയ കളിക്കാര്‍ ടീമിനൊപ്പമെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. അവരെ പൂര്‍ണമായും ഈ സംഘത്തിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഗോവയിലേക്ക് പുറപ്പെടുംമുമ്പ് എല്ലാ കളിക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.