നിര്‍ഭാഗ്യം; കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലകുരുക്ക്

മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് ഗോളിലേക്കുള്ള വഴി മാത്രം തുറന്നുകിട്ടിയില്ല. േഗോള്‍ എന്ന് തോന്നിച്ച ഗാരി ഹൂപ്പറുടെയും ജോര്‍ദാന്‍ മറെയുടെയും നിരവധി ഷോട്ടുകള്‍ ക്രോസ് ബാറിലും പോസ്റ്റിലും തട്ടിത്തെറിച്ചു.ഇന്നത്തെ സമനിലയോടെ 15 പോയിന്റുമായി എട്ടാമതാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്.

Update: 2021-01-27 16:41 GMT

ബാംബൊലിം (ഗോവ): പൊരുതിക്കളിച്ചിട്ടും നിര്‍ഭാഗ്യ വിടാതെ പിന്തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലില്‍ വീണ്ടും സമനിലകുരുക്ക്. ജംഷെഡ്പൂര്‍ എഫ്സിയുമായുള്ള മത്സരം ഗോള്‍ രഹതിമായി അവസാനിച്ചു. മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് ഗോളിലേക്കുള്ള വഴി മാത്രം തുറന്നുകിട്ടിയില്ല. േഗോള്‍ എന്ന് തോന്നിച്ച ഗാരി ഹൂപ്പറുടെയും ജോര്‍ദാന്‍ മറെയുടെയും നിരവധി ഷോട്ടുകള്‍ ക്രോസ് ബാറിലും പോസ്റ്റിലും തട്ടിത്തെറിച്ചു.ഇന്നത്തെ സമനിലയോടെ 15 പോയിന്റുമായി എട്ടാമതാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്.അഞ്ച് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ കോസ്റ്റ നമിയോന്‍സു തിരിച്ചെത്തി.

ജെസെല്‍ കര്‍ണെയ്റോ, ബകാറി കോനെ, സന്ദീപ് സിങ് എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. രോഹിത് കുമാര്‍, പുയ്ട്ടിയ എന്നിവര്‍ മധ്യനിരയില്‍ വന്നു. സഹല്‍ അബ്ദുള്‍ സമദ്, വിസെന്റ് ഗോമെസ് എന്നിവരും മധ്യനിരയില്‍ അണിനിരന്നു. സസ്പെന്‍ഷന്‍ കാരണം കെ പി രാഹുലും ജീക്സണ്‍ സിങ്ങും പുറത്തിരുന്നു. മുന്നേറ്റത്തില്‍ ഫക്കുണ്ടോ പെരേരയ്ക്ക് പകരം ജോര്‍ദാന്‍ മറെയെത്തി. ഗാരി ഹൂപ്പറായിരുന്നു മുന്നേറ്റത്തിലെ മറ്റൊരു താരം.ടി പി രെഹ്നേഷ് ജംഷെഡ്പൂര്‍ ഗോള്‍മുഖം കാത്തു. പ്രതിരോധത്തില്‍ ലാല്‍ഡിയാന റെന്റ്ലെയ്, സ്റ്റീഫന്‍ എസി, നരേന്ദര്‍ ഗെലോട്ട്, റിക്കി ലല്ലാവ്മാവ്മ എന്നിവര്‍. മധ്യനിരയില്‍ എയ്റ്റര്‍ മൊണ്‍റോയ്, അലെക്സാണ്ടര്‍ ലിമ, സീമെന്‍ലെന്‍ ദുംഗല്‍ എന്നിവരുമെത്തി. നെറിയുസ് വാല്‍സ്‌കിസ്, ഫാറൂഖ് ചൗധരി , ജോണ്‍ ഫിറ്റ്സ്ഗെറാള്‍ഡ് എന്നിവര്‍ മുന്‍നിരയില്‍.


തുടക്കത്തില്‍ ജംഷെഡ്പൂര്‍ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിക്കാന്‍ ശ്രമിച്ചു. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് അപകടം മണത്തു. ബോകിസിന് പുറത്തുവച്ച് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ആല്‍ബിനോ ഗോമെസിന്റെ ശ്രമം പിഴച്ചു. പന്ത് വാല്‍സ്‌കിസിന്റെ കാലിലാണ് കിട്ടിയത്. ജംഷെഡ്പൂര്‍ മുന്നേറ്റക്കാരന്‍ ലോങ് റേഞ്ച് ഷോട്ട് തൊടുത്തു. ആല്‍ബിനോ മനസാന്നിധ്യം വിട്ടില്ല. ചാടി പന്ത് തടുത്തു. തട്ടിത്തെറിച്ച പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി.ഒമ്പതാം മിനിറ്റില്‍ സഹലും സന്ദീപ് സിങ്ങും നടത്തിയ നീക്കം ജംഷെഡ്പൂര്‍ ബോക്സില്‍ കടക്കാതെ അവസാനിച്ചു.22-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ നീക്കം. വലതുപാര്‍ശ്വത്തിലൂടെ മറെ മികച്ച മുന്നേറ്റം നടത്തി. ബോക്സിലേക്ക് ഹൂപ്പറെ ലക്ഷ്യമാക്കി മറെയുടെ ഒന്നാന്തരം ക്രോസ്. എന്നാല്‍ ജംഷെഡ്പൂര്‍ ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ് മുന്നിലേക്ക് എടുത്തുചാടി അപകടമൊഴിവാക്കി.

പ്രതിരോധക്കാരന്‍ എസെയും ഇടപെട്ടു. ഇതില്‍ രഹ്നേഷിന് പരിക്കേല്‍ക്കുകയും ചെയ്തു.30-ാം മിനിറ്റില്‍ ജംഷെഡ്പൂരിന് മികച്ച അവസരം കിട്ടി. എയ്റ്റര്‍ നീട്ടി നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക്. ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന വാല്‍സ്‌കിസിനാണ് പന്ത് കിട്ടിയത്. എന്നാല്‍ ഈ മുന്നേറ്റക്കാരന് പന്തില്‍ കാല് വയ്ക്കാനായില്ല. സന്ദീപ് സിങ് അപകടമൊഴിവാക്കി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണം കണ്ടു. മറെയുടെ ക്രോസില്‍ ഹൂപ്പര്‍ ജംഷെഡ്പൂരിന്റെ വലചലിപ്പിച്ചുവെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ബ്ലാസ്റ്റേഴ്സ് നിരാശപ്പെട്ടില്ല. വീണ്ടും ആക്രമണം. ഇക്കുറി ബോക്സിന് പുറത്തുവച്ച് ഹൂപ്പറുടെ തകര്‍പ്പന്‍ ഷോട്ട്. പക്ഷേ, പന്ത് ക്രോസ് ബാറില്‍ തട്ടി തിരിച്ചുവീണു. പന്ത് വലയ്ക്കുള്ളില്‍ കയറിയെന്ന് ബ്ലാസ്റ്റേഴ്സ് വാദിച്ചെങ്കിലും കാര്യമുണ്ടായില്ല.


രണ്ട് മിനിറ്റിനുള്ളില്‍ മറ്റൊരു ആക്രമണം. സന്ദീപ് സിങ് തൊടുത്ത ക്രോസില്‍ മറെയുടെ ഹെഡര്‍. ഇത്തവണയും ബാറില്‍ത്തട്ടി. രണ്ട് മിനിറ്റിനിടെ വീണ്ടും ബ്ലാസ്റ്റേഴ്സ് ഇരമ്പിയെത്തി. പുയ്ട്ടിയയുടെ ക്രോസില്‍ മറെയുടെ ഷോട്ട്. സൈഡ് നെറ്റിലാണ് പന്ത് പതിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മറ്റൊരു മിന്നുന്ന നീക്കം. ഇക്കുറിയും വലതു മൂലയില്‍നിന്നുള്ള സന്ദീപിന്റെ ക്രോസ്. മറെ കൃത്യമായി തലവച്ചു. പക്ഷേ, രെഹ്നേഷിന്റെ സേവ് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു.

തട്ടിത്തെറിച്ച പന്തില്‍ പുയ്ടിയ ഷോട്ട് തൊടുത്തത് ബാറില്‍ തട്ടി മടങ്ങി. നിര്‍ഭാഗ്യത്തെ പഴിച്ച് ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചു. 52ാം മിനിറ്റില്‍ മറെ തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 62-ാം മിനിറ്റില്‍ പുയ്ട്ടിയ എടുത്ത കോര്‍ണറില്‍ ഹൂപ്പര്‍ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ബ്ലാസ്റ്റേഴ്സ് തുടരെ ആക്രമണങ്ങള്‍ നടത്തി. മറെയുടെ ഷോട്ടുകള്‍ ഒന്നിനു പിറകെ ഒന്നായി ജംഷെഡ്പൂര്‍ ഗോള്‍മുഖം വിറപ്പിച്ചു. പക്ഷേ, ഒന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ തുണച്ചില്ല.

77ാം മിനിറ്റില്‍ പുയ്ട്ടിയ പകരം സെയ്ത്യാസെന്‍ സിങ് കളത്തിലെത്തി. ഹൂപ്പറും രോഹിതും കയറി. പകരം യുവാന്‍ഡെയും കെ പ്രശാന്തും ഇറങ്ങി.അവസാന മിനിറ്റില്‍ സെയ്ത്യാസന്റെ തകര്‍പ്പന്‍ ഷോട്ട് ബോക്സില്‍വച്ച് ഇസെ തടഞ്ഞു. സഹലിന്റെ ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു. തകര്‍ത്തുകളിച്ചിട്ടും വിജയഗോള്‍ കാണാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി.31ന് എടികെ മോഹന്‍ ബഗാനുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Tags:    

Similar News