ഐഎസ്എല്‍: പുതുവര്‍ഷത്തില്‍ മുംബൈ സിറ്റിയോട് അടിയറവ് പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എലിലെ എട്ടാം മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് തോറ്റു. രണ്ട് ഗോളിനാണ് കീഴടങ്ങിയത്. രണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആദം ലേ ഫോണ്ട്രി മുംബൈയെ മുന്നിലെത്തിച്ചു. 11-ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ ഹ്യൂഗോ ബൗമുസ് ലീഡ് കൂട്ടി

Update: 2021-01-02 16:50 GMT

ബാംബൊലിന്‍ (ഗോവ): പുതുവര്‍ഷത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം.രണ്ടാംപകുതിയില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സ് ഐഎസ്എലിലെ എട്ടാം മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് തോറ്റു. രണ്ട് ഗോളിനാണ് കീഴടങ്ങിയത്. രണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആദം ലേ ഫോണ്ട്രി മുംബൈയെ മുന്നിലെത്തിച്ചു. 11-ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ ഹ്യൂഗോ ബൗമുസ് ലീഡ് കൂട്ടി. 72-ാം മിനിറ്റില്‍ ബൗമുസിന്റെ പെനല്‍റ്റി ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസ് തട്ടിയകറ്റുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് രണ്ടാംപകുതിയില്‍ നല്ല പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് തവണ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു.

പ്രതിരോധത്തില്‍ കോസ്റ്റ നമിയോന്‍സുവിനെ തിരികെവിളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയത്. നിഷു കുമാര്‍, സന്ദീപ് സിങ്, ജെസെല്‍ കര്‍ണെയ്റോ എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റ് താരങ്ങള്‍.മധ്യനിരയില്‍ വിസെന്റ് ഗോമെസ്, പുയ്ടിയ, സഹല്‍ അബ്ദുള്‍ സമദ്, ജീക്സണ്‍ സിങ് എന്നിവരും അണിനിരന്നു. മുന്നേറ്റത്തില്‍ ഫക്കുണ്ടോ പെരേരയും ജോര്‍ദാന്‍ മറെയും. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. മുംബൈ മുന്നേറ്റത്തില്‍ ആദം ലേ ഫോണ്ട്രി നിലകൊണ്ടു. ഹ്യൂഗോ ബൗമുസ്, റൗളിന്‍ ബോര്‍ജസ്, റെയ്നീര്‍ ഫെര്‍ണാണ്ടസ്, ഹെര്‍ണന്‍ സന്റാന, അഹമ്മദ് ജഹു, ബിപിന്‍ സിങ് എന്നിവരായിരുന്നു. അമയ് റാന്‍വാഡെ, മന്ദാര്‍ റാവു ദേശായ്, മൗട്രാഡ ഫൗള്‍ എന്നിവര്‍ പ്രതിരോധത്തില്‍. അമരീന്ദര്‍ സിങ് ഗോള്‍ വലയ്ക്ക് മുന്നില്‍.കരുത്തരായ മുംബൈക്കെതിരെ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാല്‍ കളിയുടെ രണ്ടാംമിനിറ്റില്‍ ദൗര്‍ഭാഗ്യകരമായി ഗോള്‍ വഴങ്ങേണ്ടിവന്നു.


ബൗമുസിനെ കോസ്റ്റ ബോക്സില്‍ വീഴ്ത്തിയെന്ന കാരണത്താല്‍ റഫറി പെനല്‍റ്റിക്ക് വിസിലൂതി. ഫോണ്ട്രിയാണ് കിക്ക് എടുത്തത്. ഗോമെസിന്റെ ചാട്ടം കൃത്യമായിരുന്നു. പന്ത് ഗോമെസിന്റെ കാലില്‍തട്ടി വലയ്ക്കുള്ളില്‍ കയറുകയായിരുന്നു(1-0).തുടര്‍ന്ന് ചെറിയ മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് കളിയിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചു. പതിനൊന്നാം മിനിറ്റില്‍ മുംബൈ മറ്റൊരു അപ്രതീക്ഷിത നീക്കത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ പന്തെത്തിച്ചു. ഇക്കുറി മുംബൈ സിറ്റി ബോക്സില്‍നിന്നായിരുന്നു തുടക്കം. ബോക്സിന് മുന്നില്‍വച്ച് മൗട്രാഡയുടെ ഫൗളില്‍ ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് കിട്ടി. ഗോമെസാണ് കിക്ക് എടുത്തത്. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അതിനിടെ റഫറി വീണ്ടും ഫൗള്‍ വിളിച്ചു. ഇക്കുറി ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഫൗള്‍ നടത്തിയത്. ജഹു ലോങ് ക്രിക്ക് തൊടുത്തു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ബൗമുസ് ഓടിക്കയറി. പന്ത് മുംബൈ സിറ്റി താരത്തിന്റെ കാലില്‍. ആല്‍ബിനോയ്ക്ക് ആ നീക്കത്തെ തടുക്കാനായില്ല(2-0).1

1 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് വീര്യം കുറയാതെതന്നെ പന്ത് തട്ടി. ഇതിനിടെ മറെയെ മുംബൈ പ്രതിരോധം ബോക്സില്‍വച്ച് ഫൗള്‍ ചെയ്തത് റഫറി ശ്രദ്ധിച്ചില്ല.പതിനേഴാം മിനിറ്റില്‍ മന്ദാര്‍ റാവു ദേശായിയുടെ ഗോള്‍ ശ്രമം ബ്ലാസ്റ്റേഴ്സ് ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പറന്നു. 22-ാം മിനിറ്റില്‍ പുയ്ടിയയുടെ നീക്കം മുംബൈയെ ഭയപ്പെടുത്തി. ഫ്രീകിക്കിലാണ് അത് കലാശിച്ചത്. ഫ്രീകിക്കില്‍ ഫലമുണ്ടായില്ല.തുടര്‍ന്നുള്ള മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമണം നടത്തി. 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിന് തൊട്ടരികെയെത്തി. മൗട്രാഡ ഫാളില്‍നിന്ന് പന്ത് റാഞ്ചിയ സഹല്‍ ബോക്സിലേക്ക് കുതിച്ചു. വിസെന്റ് ഗോമെസുമായി ചേര്‍ന്ന് മുന്നോട്ട്. പിന്നെ കൃത്യമായി ഷോട്ട് പായിച്ചു. എന്നാല്‍ മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ ചടുലമായ സേവില്‍ സഹലിന്റെ ശ്രമം അവസാനിച്ചു. മുപ്പത്തൊന്നാം മിനിറ്റിലും സഹലിന്റെ നീക്കം മുംബൈയെ വിറപ്പിച്ചു. 42-ാം മിനിറ്റില്‍ മറ്റൊരു മികച്ച ശ്രമം കൂടി ബ്ലാസ്റ്റേഴ്സിന്റ ഭാഗത്ത് നിന്നുണ്ടായി.

കര്‍ണെയ്റോ ത്രോയില്‍നിന്നായിരുന്നു തുടക്കം. പന്ത് ബോക്സിലേക്ക് ചാഞ്ഞിറങ്ങി. എന്നാല്‍ പുയ്ടിയ പന്തില്‍ കൃത്യമായി കാല്‍വയ്ക്കാനായില്ല.ആദ്യപകുതി അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ശ്രമം നടത്തിയത് ബ്ലാസ്റ്റേഴ്സായിരുന്നു.രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കളംനിറഞ്ഞ് കളിച്ചു. 56-ാം മിനിറ്റില്‍ മറെയിലൂടെ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പെരേരയുടെ കോര്‍ണര്‍ കിക്ക് കോസ്റ്റ മറെയിലേക്ക് നല്‍കി. മറെ അമരീന്ദറിനെ കീഴടക്കി ഗോളും നേടി. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. 61-ാം മിനിറ്റില്‍ പുയ്ടിയക്ക് പകരം കെ പി രാഹുല്‍ കളത്തിലിറങ്ങി.


66-ാം മിനിറ്റില്‍ കര്‍ണെയ്റോയുടെ ക്രോസില്‍ കൃത്യമായി അടിതൊടുക്കാന്‍ സഹലിന് കഴിഞ്ഞില്ല. 71-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും പെനല്‍റ്റി വഴങ്ങി. ബൗമുസിനെ സന്ദീപ് വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. എന്നാല്‍ ആല്‍ബിനോയുടെ സൂപ്പര്‍ സേവ് ബൗമുസിന്റെ പെനല്‍റ്റി തടഞ്ഞു. പിന്നാലെ സഹലിന്റെ ഗോളെന്നുറച്ച നീക്കത്തെ അമരീന്ദര്‍ സിങ് കാല്‍വച്ച് തടഞ്ഞു. ഗോള്‍ തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴസ് ആഞ്ഞുശ്രമിച്ചു. സഹലിന് പകരം സെയ്ത്യാസെന്‍ സിങ്ങും ഗോമെസിന് പകരം ഗിവ്സണ്‍ സിങ്ങും ഇറങ്ങി. എന്നാല്‍ മുംബൈയുടെ ഉറച്ച പ്രതിരോധം ബ്ലാസ്റ്റേഴ്സിനെ അനുവദിച്ചില്ല.എട്ട് കളിയില്‍ ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 19 പോയിന്റുമായി മുംബൈ ഒന്നാമതെത്തി.ജനുവരി ഏഴിന് ഒഡീഷ എഫ്സിയുമായി ബ്ലാസ്റ്റേഴ്സ് അടുത്ത മല്‍സരം കളിക്കും.

Tags:    

Similar News