ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ
വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം.
കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം തേടി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളത്തിലിറങ്ങും.വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം.സ്വന്തം മൈതാനിയില്‍ ആദ്യ മല്‍രത്തില്‍ എടികെക്കെതിരെ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടില്‍ ഉള്ളത്. എതാനും ദിവസം മുമ്പ് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അവരുടെ മൈതാനത്ത് നടന്ന മല്‍സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഇന്ന് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാന്‍ ഇറങ്ങുന്നത്.ഒമ്പത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാലെണ്ണത്തില്‍ സമനിലയും നാലു തോല്‍വിയുമായി ഏഴു പോയിന്റുമായി ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. ഒമ്പതു ഗോളുകള്‍ നേടിയെങ്കിലും 13 ഗോള്‍ വഴങ്ങി. ഇന്ന് ജയിക്കാനായാല്‍ രണ്ടു പടി കൂടി മുന്നിലെത്താം. മാത്രമല്ല വര്‍ഷാവസാനം വിജയം നേടിയ ആത്മവിശ്വാസത്തോടെ ലീഗിന്റെ രണ്ടാം പകുതിയിലേക്കും കടക്കാം. തോറ്റാല്‍ മുന്നോട്ടുള്ള പ്രയാണം കൂടുതല്‍ ദുഷ്‌കരമാവും.
ശക്തമായ ആരാധക പിന്തുണ ലഭിച്ചിട്ടും സ്വന്തം തട്ടകത്തിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ദയനീയമാണ്. എവേ ഗ്രൗണ്ടിലും ടീം വിയര്‍ക്കുന്നു. ലഭ്യമായ താരങ്ങള്‍ക്കനുസരിച്ച് ടീമിന്റെ തന്ത്രങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്നതാണ് കോച്ച് എല്‍കോ ഷട്ടോരിയെ ഇപ്പോഴും കുഴയ്ക്കുന്നത്. ടീമിന് സ്ഥിരതയില്ലാത്തത് മല്‍സര ഫലത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഒഡീഷക്കെതിരെ മാത്രമാണ് ടീമിന് ഗോള്‍ വഴങ്ങാതിരിക്കാനായത്. മിഡ്ഫീല്‍ഡില്‍ കാര്യമായ കളി സൃഷ്ടിക്കാന്‍ താരങ്ങള്‍ക്കാവുന്നില്ല. ടീം തിരിച്ചുവരുമെന്നാണ് എല്‍കോ ഷട്ടോരി ഇപ്പോഴും വിശ്വസിക്കുന്നത്. ടീമിന്റെ കളി അല്‍പ്പം മെച്ചപ്പെട്ടെന്നും അവസാന നാലിലെത്താന്‍ കഴിയുമെന്നും കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത ആഴ്ചയോടെ ടീമിലെ എല്ലാ താരങ്ങളും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും അദ്ദേഹം പറയുന്നു.
ബ്ലാസ്റ്റേഴ്സിനേക്കാള്‍ രണ്ടു പോയിന്റ് അധികമുള്ള നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ ജയിക്കാനായിട്ടില്ല. സീസണില്‍ ആകെ ജയിക്കാനായത് ഒഡീഷയോടും ഹൈദരാബാദിനോടും മാത്രം. പോയിന്റ് ടേബിളില്‍ ഇപ്പോഴും സുരക്ഷിത സ്ഥാനത്തല്ലാത്തതിനാല്‍ വടക്ക് കിഴക്കന്‍ ടീമിനും ഇന്ന് ജയം അനിവാര്യമാണ്. സീസണില്‍ മികച്ച തുടക്കം നേടിയ ടീമിന് പിന്നീട് ഫോമിലേക്കുയരാനായില്ല. പരിക്ക് മാറിയ തിരിച്ചെത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ അസമോവ ഗ്യാന്‍ ഇന്ന് കളിക്കുമെന്നാണ് പരിശീലകന്‍ റോബര്‍ട്ട് യാര്‍നി നല്‍കുന്ന സൂചന. ഇതോടെ ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധ നിര കൂടുതല്‍ വിയര്‍ക്കും.