ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-2.ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. നായകന്‍ സെര്‍ജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. അപിയയും ഇദ്രിസ സില്ലയും നോര്‍ത്ത് ഈസ്റ്റിനായി മറുപടി ഗോള്‍ നേടി

Update: 2020-11-26 16:46 GMT

ബാംബോളിം (ഗോവ): ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മല്‍സരത്തില്‍ നോത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സമനിലയില്‍ കുരുങ്ങി. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. അഞ്ചാം മിനുറ്റില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും 45ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പറുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. 51ാം മിനുറ്റില്‍ അപിയയും 90ാം മിനുറ്റില്‍ ഇദ്രിസ സില്ലയും നോര്‍ത്ത് ഈസ്റ്റിനായി മറുപടി ഗോള്‍ നേടി.

എടികെ മോഹന്‍ബഗാനെതിരായ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കോച്ച് കിബു വികൂന ബ്ലാസ്‌റ്റേഴിസില്‍ വരുത്തിയത്. ആല്‍ബിനോ ഗോമെസിനെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വലയ്ക്ക് മുന്നില്‍ നിര്‍ത്തി. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ക്കൊപ്പം നിഷു കുമാറും അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റെ ഗോമസ്, രോഹിത് കുമാര്‍, ലാല്‍താതാംഗ ഖാല്‍റിങ്, സെയ്ത്യസെന്‍ സിങ് എന്നിവരും മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും. അണി നിരന്നു. ക്വേസി അപിയ, ഖുമാന്തേം മീറ്റെയ് എന്നിവരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നേറ്റത്തില്‍ അണിനിരത്തി. ലാലെങ്മാവിയ, ഖാസാ കാമറ, ഫെഡറികോ ഗാലെഗോ എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ രാകേഷ് പ്രധാന്‍, ഗുര്‍ജീന്ദര്‍ കുമാര്‍, ഡൈലാന്‍ ഫോക്സ്, ബെഞ്ചമിന്‍ ലാംബോത്, അശുതോഷ് മേത്ത എന്നിവരെയും ഗോള്‍വല കാക്കാന്‍ സുഭാശിഷ് റോയ് ചൗധരിയെയും നിയോഗിച്ചു.


വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മല്‍സരം തുടങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഫ്രീകിക്ക് അവസരം കിട്ടി. ഗാലോഗോയുടെ കിക്ക്, ബോക്സില്‍ എത്തിയെങ്കിലും അപകടം സൃഷ്ടിക്കാതെ കടന്നു പോയി. അഞ്ചാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ ലീഡെടുത്തു. ബോക്സിനടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. സെയ്ത്യസെന്‍ സിങിന്റെ കിക്ക് കൃത്യമായി ബോക്സിനകത്ത് നിന്ന സെര്‍ജിയോ സിഡോഞ്ചയിലേക്ക്. നായകന്‍ ഒരു പിഴവും വരുത്താതെ ഹെഡറിലൂടെ പന്ത് കൃത്യം വലയിലാക്കി(1-0). ആദ്യമിനിറ്റിലെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് ഊര്‍ജം പകര്‍ന്നു. പിന്നാലെ നോര്‍ത്ത് ഈസ്റ്റിന്റെ ഒരു അപകടരമായ നീക്കം ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിഫലമാക്കി. 15ാം മിനുറ്റില്‍ മറ്റൊരു അവസരം കൂടി ബ്ലാസ്റ്റേഴ്സിന്. ജെസെല്‍ ഇടതുവിങിലൂടെ കുതിച്ച് സിഡോഞ്ചയ്ക്ക് നല്‍കിയ ക്രോസില്‍ ക്യാപ്റ്റന്‍ ബോക്സിനകത്ത് മികച്ച നീക്കം നടത്തിയെങ്കിലും, വലയ്ക്ക് മുന്നില്‍ നിന്ന ഗാരിഹൂപ്പറിന് ഡ്രിബിള്‍ ചെയ്ത് കൈമാറാന്‍ ശ്രമിച്ച പന്ത് സുഭാശിഷ് ചൗധരി ഡൈവ് ചെയ്ത് അനായാസം കൈകളില്‍ ഒതുക്കി. പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ആധിപത്യം കാട്ടി. ഇതിനിടെ അപിയയുടെയും മീറ്റെയുടെയും ഒരു തിരിച്ചടി ശ്രമം ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു.

ഇടത് വിങിലൂടെ മറ്റൊരു നീക്കം കൂടി ബ്ലാസ്റ്റേഴ്സ് നടത്തി. ബോക്സിനകത്തേക്ക് ഹൂപ്പറിനെ ലക്ഷ്യമാക്കി ലാല്‍താതാംഗ മികച്ചൊരു ക്രോസ് നല്‍കിയെങ്കിലും ബോക്സിന് മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് ഹൂപ്പറെ പ്രതിരോധിച്ചു. തുടര്‍ച്ചയായ നീക്കങ്ങളാല്‍ ബ്ലാസ്റ്റേഴ്സ് എതിരാളികളില്‍ സമ്മര്‍ദം സൃഷ്ടിച്ചു. 24ാം മിനുറ്റില്‍ മികച്ച ഒരു അവസരം ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. ഒറ്റയ്ക്ക് പന്തുമായി കുതിച്ച ഹൂപ്പര്‍ ബോക്സിനകത്ത് സിഡോഞ്ചയ്ക്ക് പന്ത് മറിച്ചു. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പറിന് മുന്നില്‍ ഗോളി മാത്രമായിരുന്നു. പക്ഷേ ആറടി അകലെ നിന്ന് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളില്‍ പറന്നു. പിന്നാലെ നിഷുകുമാര്‍ നെഞ്ച് കൊണ്ട് പന്ത് പുറത്താക്കി വലത് വിങിലൂടെയുള്ള നോര്‍ത്ത്് ഈസ്റ്റിന്റെ പ്രത്യാക്രമണവും തടഞ്ഞു. പന്തടക്കത്തിലെ ആധിപത്യം നിലനിര്‍ത്തി ഇടത് പാര്‍ശ്വത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങള്‍ തുടര്‍ന്നു.

നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റ നിരയുടെ ചില ശ്രമങ്ങള്‍ ആല്‍ബിനോ ഗോമസും പ്രതിരോധവും തടഞ്ഞിട്ടു. 45ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യകോര്‍ണര്‍ ലഭിച്ചു. സെയ്ത്യസെന്‍ സിങിന്റെ കോര്‍ണര്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ബോക്സിനകത്ത് കൂട്ടപൊരിച്ചില്‍ സൃഷ്ടിച്ചു. പന്ത് കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിറകില്‍ നിന്ന് രാകേഷ് പ്രധാന്‍, ലാല്‍താതാംഗ ഖാല്‍റിങിനെ വീഴ്ത്തിയതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. അനായാസമായിരുന്നു ഹൂപ്പറിന്റെ കിക്ക്. ഗോളി സുഭാശിഷ് ചൗധരിയുടെ കാലില്‍ കൊണ്ടുവെങ്കിലും പന്ത് കൃത്യം വലയുടെ മധ്യത്തില്‍ പതിച്ചു(2-0). ഹൂപ്പറിന്റെ ആദ്യ ഐഎസ്എല്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ആദ്യപകുതിക്ക് തൊട്ട് മുമ്പ് നോര്‍ത്ത് ഈസ്റ്റിന് ഒരു കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും ഫലമുണ്ടാക്കാനായില്ല. കോസ്റ്റയുടെ സമയോചിത ഇടപെടല്‍ അവരുടെ ഗോള്‍ അകറ്റി.ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോള്‍ ലീഡോടെ അവസാനിച്ചു.

എന്നാല്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വഴങ്ങി. തുടര്‍ച്ചയായ രണ്ടു കോര്‍ണറുകള്‍ക്കൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യം കണ്ടത്. അമ്പതാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളിലെ ആശയകുഴപ്പം മുതലെടുത്ത് ക്വേസി അപിയ ആണ് ഗോള്‍ നേടിയത്(2-1). നോര്‍ത്ത്് ഈസ്റ്റിന്റെ ആറാം കോര്‍ണര്‍ കിക്കായിരുന്നു ഇത്. 58ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഒരു ശ്രമം സുഭാശിഷ് റോയ് തടഞ്ഞു. തൊട്ടടുത്ത മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബ്രിട്ടോയുടെ ഉജ്വലമായ ഒരു ഗോള്‍ നീക്കം അതേ മികവോടെ ആല്‍ബിനോ ഗോമസ് കോര്‍ണറിന് വഴങ്ങി തട്ടിയകറ്റി. വലയുടെ ഇടത് കോര്‍ണര്‍ ലക്ഷ്യമിട്ടായിരുന്നു ബ്രിട്ടോയുടെ ഷൂട്ട്. 64ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് കളിയിലെ ആദ്യമാറ്റം വരുത്തി. പ്രശാന്ത്, ലാല്‍താതാംഗയ്ക്ക് പകരക്കാരനായി എത്തി. ബോക്സിനകത്ത് ലാലെങ്മാവിയയെ, ജെസെല്‍ വീഴ്ത്തിയെന്ന കാരണത്താല്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. പക്ഷേ പരിചയ സമ്പന്നനായ അപിയയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തായി.

ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടു മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റന്‍ സിഡോഞ്ചയ്ക്ക് പകരം ഫാക്കുന്‍ഡോ പെരേരയും രോഹിത് കുമാറിന് പകരം ജീക്സണ്‍ സിങും കളത്തിലിറങ്ങി. കോസ്റ്റ നായകന്റെ റോളിലായി. ലീഡുയര്‍ത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങള്‍ ആവേശമുണര്‍ത്തി, നോര്‍ത്ത് ഈസ്റ്റിന്റെ പ്രത്യാക്രമണങ്ങള്‍ പ്രതിരോധ നിര സമര്‍ഥമായി തടഞ്ഞു. 81ാം മിനുറ്റില്‍ ഗാരിഹൂപ്പറെ കോച്ച് പിന്‍വലിച്ച് പകരം ജോര്‍ദാന്‍ മുറേയെ കളത്തില്‍ ഇറക്കി. മികച്ചൊരു നീക്കത്തിനൊടുവില്‍ നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സെല്ലയുടെ ഒരു ഹെഡര്‍ ശ്രമമുണ്ടായി. വലയുരുമ്മി പന്ത് പുറത്തായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചെങ്കിലും അവസാന മിനുറ്റില്‍ ഇദ്രിസ സെല്ലയിലൂടെ തന്നെ നോര്‍ത്ത ഈസ്റ്റ്് സമനില പിടിച്ചു. കോസ്റ്റയെയും ആല്‍ബിനോ ഗോമസിനെയും മറികടന്ന് ഇദ്രിസയുടെ ഇടങ്കാലന്‍ ഷോട്ട് വലയുടെ ഇടതുഭാഗത്ത് പതിക്കുകയായിരുന്നു(2-2) 29ന് ഒഡീഷ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.

Tags:    

Similar News