ഒഡീഷയോട് സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ഒഡീഷ എഫ്‌സി-2 കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2.ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഗോളടിച്ചു. ഒഡീഷയ്ക്കായി ദ്യേഗോ മൗറീസിയോ ഇരട്ടഗോളടിച്ചു. കളിയില്‍ ബ്ലാസ്റ്റേഴ്സ് പൂര്‍ണനിയന്ത്രണമാണ് നേടിയത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല

Update: 2021-02-11 16:32 GMT

ഫത്തോര്‍ദ: തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ഒഡീഷ എഫ്സിക്കെതിരെ ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. 2-2നാണ് മല്‍സരം അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഗോളടിച്ചു. ഒഡീഷയ്ക്കായി ദ്യേഗോ മൗറീസിയോ ഇരട്ടഗോളടിച്ചു. കളിയില്‍ ബ്ലാസ്റ്റേഴ്സ് പൂര്‍ണനിയന്ത്രണമാണ് നേടിയത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടെണ്ണം ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചത്. എന്നാല്‍ 74ാം മിനിറ്റില്‍ മൗറീസിയോയുടെ ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ ജയ പ്രതീക്ഷ കെടുത്തി. കളിയുടെ അവസാന ഘട്ടത്തില്‍ കോസ്റ്റ നമിയോന്‍സുവിന്റെ തകര്‍പ്പന്‍ നീക്കം തടഞ്ഞ് ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. 17 കളിയില്‍ 16 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്.

രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയ്ക്കെതിരെ കളിക്കാനിറങ്ങിയത്. പ്രതിരോധത്തില്‍ ജീക്സണ്‍ സിങ് തിരിച്ചെത്തി. കോസ്റ്റ നമിയോന്‍സു, സന്ദീപ് സിങ്, ധെനെചന്ദ്ര എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. ബകാറി കോനെ പുറത്തിരുന്നു. മധ്യനിരയില്‍ വിസെന്റ ഗോമെസ്, യുവാന്‍ഡെ, കെപി രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവരുമെത്തി. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പര്‍ തിരിച്ചെത്തി. കൂട്ടിന് ജോര്‍ദാന്‍ മറെയും. ഗോള്‍ വലയ്ക്ക് മുന്നില്‍ പതിവുപോലെ ആല്‍ബിനോ ഗോമെസ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ സഹലിന്റെ അമ്പതാം മല്‍സരമായിരുന്നു ഇത്. ഒഡീഷ മുന്നേറ്റത്തില്‍ ദ്യേഗോ മൗറീസിയോ. മധ്യനിരയില്‍ ബ്രാഡന്‍ ഇന്‍മാന്‍, കോള്‍ അലെക്സാണ്ടര്‍, വിനിത് റായ്, ജെറി എന്നിവര്‍. പ്രതിരോധത്തില്‍ സ്റ്റീവന്‍ ടെയ്ലര്‍, രാകേഷ് പ്രധാന്‍, ഹെന്‍ഡ്രി ആന്റണി, ജേക്കബ് ട്രാറ്റ്, മുഹമ്മദ് സാജിദ് ധോട്ട് എന്നിവരും. ഗോള്‍ വലയ്ക്ക് മുന്നില്‍ അര്‍ഷ്ദീപ് സിങ്.


കളിയുടെ രണ്ടാം മിനിറ്റില്‍തന്നെ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റം നടത്തി. പന്തുമായി ഹൂപ്പര്‍ ഒഡീഷ ഗോള്‍മേഖല ലക്ഷ്യമാക്കി കുതിച്ചു. മറെയ്ക്ക് പാസ് നല്‍കാനുള്ള ശ്രമം ഒഡീഷ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റില്‍ രാഹുലിന്റെ ക്രോസ് സന്ദീപ് ഏറ്റുവാങ്ങി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറി. എന്നാല്‍ ഒഡീഷയുടെ രണ്ട് പ്രതിരോധക്കാര്‍ സന്ദീപിന്റെ നീക്കത്തിന് തടയിട്ടു. ഒമ്പതാം മിനിറ്റില്‍ മറെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യഘട്ടത്തില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും ബ്ലാസ്റ്റേഴ്സിന് കിട്ടിയെങ്കിലും ഗോളിലേക്ക് കൃത്യമായുള്ള ആക്രമണം ഉണ്ടായില്ല.

20ാം മിനിറ്റില്‍ ഒഡീഷയുടെ രാകേഷ് പ്രധാന് കിട്ടിയ അവസരം പാഴായി. 26ാം മിനിറ്റില്‍ രാഹുലിന് ബോക്സില്‍വച്ച് കിട്ടിയ ക്രോസ് മുതലാക്കാനായില്ല. കാല്‍വച്ചെങ്കിലും പന്ത് നേരെ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കാണ് പോയത്. 28ാം മിനിറ്റില്‍ ഒഡീഷയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോയുടെ ജാഗ്രത തടഞ്ഞു. ബോക്സിലേക്ക് കുതിച്ചെത്തിയ മൗറീസിയോ പന്തില്‍ കാല്‍തൊടുംമുമ്പ് ആല്‍ബിനോ കൈപ്പടിയിലൊതുക്കുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപാടെ ബ്ലാസ്റ്റേഴസിന്റെ കളിയിലെ മനോഹരമായ നീക്കം കണ്ടു. ഇടതുഭാഗത്ത് സഹലിന്റെ മുന്നേറ്റം. ബോക്സിനുള്ളില്‍ വച്ച് സഹല്‍ പന്ത് ഹൂപ്പറിലേക്ക്. രണ്ടടി മുന്നേറിയ ശേഷം ഹൂപ്പര്‍ അടിതൊടുത്തു. പക്ഷേ, പന്ത് പോസ്റ്റിന് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മൂന്ന് മിനിറ്റിനുള്ളില്‍ അടുത്തൊരു സുവര്‍ണാവസരം. ഇക്കുറി ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് പന്ത് നേരെ ഹൂപ്പറിനാണ് അടിച്ചുകൊടുത്തത്. വലതുഭാഗത്ത് നിന്ന് ഹൂപ്പറുടെ നീക്കം. ഗോള്‍വലയ്ക്ക് തൊട്ടുമുന്നില്‍വച്ച് ഹൂപ്പര്‍ മധ്യഭാഗത്തേക്ക് പന്ത് തട്ടി. ഓടിയെത്തിയ യുവാന്‍ഡെ ശക്തിയില്‍ തൊടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.


38ാം മിനിറ്റില്‍ രാഹുലിന്റെ നീക്കം. പ്രതിരോധത്തെ പിന്നിലാക്കി ബോക്സിനുള്ളിലേക്ക്. പിന്നെ നിലംപറ്റി ക്രോസ്. എന്നാല്‍ ഒഡീഷ പ്രതിരോധം കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി. സഹല്‍ എടുത്ത കോര്‍ണറില്‍ മറെ ഹെഡ് ചെയ്തുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിക്ക് തൊട്ടുമുമ്പ് രാഹുല്‍ തൊടുത്ത ലോങ് റേഞ്ച് ഷോട്ടും വലയില്‍ കടന്നില്ല. എന്നാല്‍ കളിഗതിക്കെതിരായി ആദ്യപകുതി തീരുംമുമ്പ് ഒഡീഷ ലീഡ് നേടി. ജെറിയുടെ നീക്കത്തില്‍ മൗറീസിയോ ഗോള്‍ കീപ്പര്‍ ആല്‍ബിനോയെ കീഴടക്കി(1-0)

തിരിച്ചടിക്കാനുള്ള ഊര്‍ജവുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാംപകുതിയില്‍ ഇറങ്ങിയത്. 48ാം മിനിറ്റില്‍ ആദ്യനീക്കം കണ്ടു. സഹലിന്റെ ഷോട്ട് പുറത്തേക്ക്. പിന്നാലെ ഗോമെസിന്റെ നീക്കം. അതും പക്ഷേ, വലയിലെത്തിയില്ല. എന്നാല്‍ 52ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് പൂര്‍ണത വന്നു. ഹൂപ്പറുടെ ബോക്സിലേക്കുള്ള കുതിപ്പില്‍ നിന്നായിരുന്നു തുടക്കം. മാര്‍ക്ക് ചെയ്യാതിരുന്ന മറെയിലേക്ക് ഹൂപ്പര്‍ പന്ത് നല്‍കി. കുതിച്ചെത്തിയ മറെയുടെ ഷോട്ട് ഒഡീഷയുടെ വലയിക്കുള്ളിലായി(1-1).മിനിറ്റുകള്‍ക്കുള്ളില്‍ ഹൂപ്പറുടെ മറ്റൊരു തകര്‍പ്പന്‍ നീക്കം കണ്ടു. ഗോമെസിന്റെ ലോങ് ബോള്‍ സഹല്‍ പിടിച്ചെടുത്തു. സഹല്‍ പന്തുമായി മുന്നേറി. പിന്നെ ഹൂപ്പറിലേക്ക്. ഹൂപ്പറിന്റെ കൃത്യതയുള്ള ഷോട്ട് അര്‍ഷ്ദീപിനെ മറികടന്നു(2-1).

ഒരു ഗോള്‍ ലീഡില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറുമ്പോഴായിരുന്നു ഒഡീഷ സമനില പിടിച്ചത്. 74ാം മിനിറ്റില്‍ ബ്രാഡ് ഇന്‍മാന്റെ സ്‌ക്വയര്‍ പാസ് മൗറീസിയക്ക് കിട്ടി. ഈ ബ്രസീലുകാരന്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു(2-2) അവസാന ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് കനത്ത ആക്രമണം നടത്തിയെങ്കിലും ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. 89ാം മിനിറ്റില്‍ ഇന്‍മാന്റെ പോയിന്റ് ബ്ലാങ്കില്‍വച്ചുള്ള ഷോട്ട് ആല്‍ബിനോ ഗോമെസ് സാഹസികമായി കുത്തിയകറ്റി. 16ന് ഹൈദരാബാദ് എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Tags:    

Similar News