ഐഎസ്എല്‍ : യുവപ്രതിഭ പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്സില്‍
പ്യൂട്ടിയ എന്നറിയപ്പെടുന്ന ലാല്‍തങ്ക ഖോള്‍ഹ്രിങ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്.ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗല്ഭ്യം തെളിയിച്ച താരമാണ്.
കൊച്ചി: മിസോറം സ്വദേശിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി താരവുമായ പ്യൂട്ടിയ എന്നറിയപ്പെടുന്ന ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും.22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗല്ഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്ലഹേം വെങ്ത്ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി.
2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്. ഐ ലീഗില്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു.
ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്യൂട്ടിയ പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമില്‍ കളിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമാണ്, ടീം വര്‍ക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാല്‍, ഐഎസ്എല്‍ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും പ്യൂട്ടിയ പറഞ്ഞു. പ്യൂട്ടിയ ഇന്നത്തെ തലമുറ ഫുട്ബോള്‍ താരങ്ങളുടെ ഭാഗമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ്് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു. ഇടത് കാല് കൊണ്ട് കളിക്കുന്ന പ്യൂട്ടിയയ്ക്ക് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍, സെന്ററിലും ഔട്ട്വൈഡിലും തന്റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തില്‍ വലിയ കാഴ്ചപ്പാടും സാങ്കേതികതയും ഉളള ആളാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതല്‍ക്കൂട്ടാണെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.