യുവ ഇന്ത്യന്‍ സ്ട്രൈക്കര്‍ സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍

മോഹന്‍ ബഗാന്‍ അക്കാദമിയുടെ ഭാഗമായിരുന്ന താരം, കിബു വികുനയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ഡ്യൂറന്റ് കപ്പിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ-ലീഗ് കിരീടം നേടിയ ടീമിന്റെയും ഭാഗമായിരുന്ന സുഭ ഘോഷ്, ക്ലബിനായി എട്ടു മല്‍സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളും നേടിയിരുന്നു

Update: 2020-12-29 10:20 GMT

കൊച്ചി:കല്‍ക്കത്തയില്‍ നിന്നുള്ള യുവ ഇന്ത്യന്‍ സ്ട്രൈക്കര്‍ സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്‌സില്‍.മോഹന്‍ ബഗാന്‍ അക്കാദമിയുടെ ഭാഗമായിരുന്ന താരം, കിബു വികുനയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ഡ്യൂറന്റ് കപ്പിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ-ലീഗ് കിരീടം നേടിയ ടീമിന്റെയും ഭാഗമായിരുന്ന സുഭ ഘോഷ്, ക്ലബിനായി എട്ടു മല്‍സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളും നേടിയിരുന്നു. എടികെ മോഹന്‍ ബഗാനുമായുള്ള കൈമാറ്റ കരാര്‍ പ്രകാരം സുഭ ഘോഷ് മുന്‍ പരിശീലകനുമായി വീണ്ടും ഒന്നിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി താരം നോങ്ഡാംബ നൊറേം എടികെ മോഹന്‍ബഗാനിലെത്തും.

2023 വരെ സുഭ ഘോഷ് കെബിഎഫ്സിക്കൊപ്പമുണ്ടാവും. ഇതൊരു പുതിയ തുടക്കമാണെന്ന് കരാര്‍ ഒപ്പിട്ട ശേഷം സുഭ ഘോഷ് പറഞ്ഞു. തനിക്കിപ്പോള്‍ ഒരു പുതിയ കുടുംബത്തെ ലഭിച്ചു, കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടാനും മല്‍സരങ്ങള്‍ ജയിക്കാനും ആഗ്രഹിക്കുന്നു. ഈ അവസരം നല്‍കിയതിന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടും ഏറ്റവും പ്രധാനമായി കോച്ച് കിബു വികുനയോടും നന്ദി പറയുന്നതായും സുഭ ഘോഷ് പറഞ്ഞു.

സുഭ തങ്ങളുടെ ടീമില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍ങ്കിസ് പറഞ്ഞു. സ്വാഭാവിക ഗോള്‍ സ്‌കോററായ സ്‌ട്രൈക്കറാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ കിബു അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.സുഭ ഘോഷിന്റെ വരവ് ടീമിനെ ശക്തിപ്പെടുത്തുന്നതും മെച്ചപ്പെടുത്തുന്നതും കാത്തിരിക്കുകയാണെന്നും കരോലിസ് സ്‌കിന്‍ങ്കിസ് പറഞ്ഞു.

Tags:    

Similar News