സാഞ്ചോയ്ക്കായി യുനൈറ്റഡിനൊപ്പം റയല്‍ മാഡ്രിഡും
സമ്മര്‍ ട്രാന്‍സ്ഫറില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് താരമായ സാഞ്ചോയ്ക്ക് വേണ്ടിയാണ് സ്പാനിഷ് ക്ലബ്ബും രംഗത്ത് വന്നത്.
ബെര്‍ലിന്‍: ഇംഗ്ലണ്ട് താരം ജെയ്ഡന്‍ സാഞ്ചോയ്ക്കായി യുനൈറ്റഡിനൊപ്പം റയല്‍ മാഡ്രിഡും രംഗത്ത്. സമ്മര്‍ ട്രാന്‍സ്ഫറില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് താരമായ സാഞ്ചോയ്ക്ക് വേണ്ടിയാണ് സ്പാനിഷ് ക്ലബ്ബും രംഗത്ത് വന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയുമായിരുന്നു താരത്തിനായി മുന്നിലുള്ളത്. എന്നാല്‍ ചെല്‍സി പിന്‍മാറിയതോടെയാണ് റയലിന്റെ രംഗപ്രവേശനം. എന്നാല്‍ ഡോര്‍ട്ട്മുണ്ട് വിങര്‍ക്ക് യുനൈറ്റഡിലേക്ക് ചേക്കേറാനാണ് താല്‍പ്പര്യം. 120 മില്ല്യണ്‍ യൂറോയാണ് ഡോര്‍ട്ട്മുണ്ട് സാഞ്ചോയ്ക്ക് വിലയിട്ടിരിക്കുന്നത്. 2017ലാണ് സാഞ്ചോ ജര്‍മ്മനിയിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയിലായിരുന്ന താരത്തെ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള വേണ്ടത്ര പരിഗണിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് താരം ഇംഗ്ലണ്ട് വിട്ടത്. ജര്‍മ്മനിയില്‍ സാഞ്ചോ മിന്നും ഫോമിലാണ്. എന്നാല്‍ ക്ലബ്ബ് മാറാന്‍ സാഞ്ചോ തീരുമാനിക്കുകയായിരുന്നു. യുനൈറ്റഡില്‍ തനിക്ക് ഏഴാം നമ്പര്‍ ജേഴ്സി വേണമെന്ന നിബന്ധനയും ക്ലബ്ബ് അംഗീകരിച്ചിട്ടുണ്ട്. അതിനിടെ റയല്‍ മാഡ്രിഡ് കൂടി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് ഇറങ്ങിയതോടെ സാഞ്ചോയ്ക്കായി പോര് മുറുകും. കഴിഞ്ഞ രണ്ട് സീസണിലായി 30 ഗോളും 38 അസിസ്റ്റുമാണ് സാഞ്ചോയുടെ നേട്ടം. ഇതു തന്നെയാണ് സാഞ്ചോയെ വിപണിയിലെ ഒന്നാം നമ്പര്‍ താരമാക്കിയത്. അതിനിടെ സാഞ്ചോ യുനൈറ്റഡുമായുള്ള കരാര്‍ ഉറപ്പിച്ചുവെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.