ചാംപ്യന്‍സ് ലീഗ്; അയാക്‌സിനും ഡോര്‍ട്ട്മുണ്ടിനും ജയം; നപ്പോളിക്ക് സമനില
ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അയാക്‌സ് തോല്‍പ്പിച്ചത്.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഹോളണ്ട് ക്ലബ്ബ് അയാകസ്, ജര്‍മ്മന്‍ ഭീമന്‍മാരായ ഡോര്‍ട്ട്മുണ്ട്, ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സി എന്നിവര്‍ക്ക് ജയം. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അയാക്‌സ് തോല്‍പ്പിച്ചത്. ഈ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിച്ച ഒരു ഗോള്‍ നേടി എട്ടാം മിനിറ്റില്‍ ഹക്കീം സിയെച്ച് ആണ് അയാകസിന് ആദ്യം ലീഡ് നേടിക്കൊടുത്തത്. 34ാം മിനിറ്റില്‍ പ്രൊമെസ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ വാന്‍ ഡെ ബിക്ക് അയാക്‌സിന്റെ മൂന്നാം ഗോളും നേടി ജയം ഉറപ്പിച്ചു.
ഗ്രൂപ്പ് എഫില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ചെക്ക് ക്ലബ്ബായ സ്ലാവിയ പ്രാഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് ബോറസ്സിയാ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തി. യുവതാരം അഷ്‌റഫ് ഹക്കീമിയയുടെ(35, 89) ഇരട്ടഗോളാണ് ഡോര്‍ട്ട്മുണ്ടിന് ജയം നല്‍കിയത്.
ഫ്രഞ്ച് ക്ലബ്ബ് ലിലേയെ 2-1 ന് തോല്‍പ്പിച്ചാണ് ചെല്‍സി ജയിച്ചുകയറിയത്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ അബ്രഹാം(22), വില്ല്യന്‍(77) എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ ജര്‍മ്മന്‍ ക്ലബ്ബ് ലെയ്പ്‌സിഗിനെ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ 3-1ന് തോല്‍പ്പിച്ചു. ബെല്‍ജിയ ക്ലബ്ബ് ഗെങ്കിനോട് ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി ഗോള്‍ രഹിത സമനില വഴങ്ങി.