ഫ്രാങ്കിക്കും ഫാത്തിക്കും ഗോള്‍; ലാലിഗയില്‍ ബാഴ്‌സയ്ക്ക് മിന്നും ജയം
മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്കു വേണ്ടി സുവാരസ് ഇരട്ട ഗോളും പിക്വെ ഒരു ഗോളും നേടി.
മാഡ്രിഡ്: പുതുമുഖ താരം അന്‍സു ഫാത്തിയും ഫ്രാങ്കി ഡി ജോങും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരേ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്കു വേണ്ടി സുവാരസ് ഇരട്ട ഗോളും പിക്വെ ഒരു ഗോളും നേടി. 5-2നാണ് കറ്റാലന്‍സിന്റെ ജയം. ഫാത്തി രണ്ടാം മിനിറ്റില്‍ ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടി. ആദ്യമായാണു ഫാത്തി ബാഴ്‌സയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. രണ്ടാം ഗോള്‍ ഏഴാം മിനിറ്റില്‍ ഫ്രാങ്കി ഡിജോങിലൂടെ ആയിരുന്നു. 51ാം മിനിറ്റില്‍ പിക്വെ മൂന്നാം ഗോളും നേടി. 61, 82 മിനിറ്റുകളിലാണ് പരിക്കില്‍ നിന്ന് തിരിച്ചുവന്ന ലൂയിസ് സുവാരസിന്റെ രണ്ട് ഗോളുകള്‍. ഗെമീറോയും ഗോമസുമാണ് വലന്‍സിയയുടെ ഗോളുകള്‍ നേടിയത്. ജയത്തോടെ ബാഴ്‌സ ലീഗില്‍ നാലാം സ്ഥാനത്തെത്തി.
പരിക്കിന്റെ പിടിയിലായ ഈഡന്‍ ഹസാര്‍ഡ് ടീമിനായി ആദ്യമായിറങ്ങിയ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് 3-2ന് ലെവന്റെയെ തോല്‍പ്പിച്ചു. കരീം ബെന്‍സെമയുടെ രണ്ട് ഗോളുകളാണു റയലിന് തകര്‍പ്പന്‍ ജയം നല്‍കിയത്. 25, 31 മിനിറ്റുകളിലാണ് ബെന്‍സെമയുടെ ഗോളുകള്‍. കാസിമറോ(40) റയലിന്റെ മൂന്നാം ഗോള്‍ നേടി. ജയത്തോടെ റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ഇന്നലെ തോല്‍വിയുടെ ദിനമായിരുന്നു. 2-0നാണ് റയല്‍ സോസിഡാഡ് മാഡ്രിഡിനെ തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ലെഗനീസിനെ വിയ്യാറല്‍ 3-0ന് തോല്‍പ്പിച്ചു.