പ്രീമിയര്‍ ലീഗ്; മൗറീഞ്ഞോയ്ക്ക് കീഴില്‍ സ്പര്‍സിന് ജയം; തേരോട്ടം തുടര്‍ന്ന് ചെമ്പട
വെസ്റ്റ് ഹാം യുനൈറ്റഡിനെ 3-2നാണ് സ്പര്‍സ് തോല്‍പ്പിച്ചത്. സണ്‍ ഹേങ്(36), ലൂക്കാസ് മൗറാ (43), കാനെ (49) എന്നിവരാണ് ടോട്ടന്‍ഹാമിനായി സ്‌കോര്‍ ചെയ്തത്.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ കോച്ചായുള്ള തന്റെ ആദ്യ മല്‍സരത്തില്‍ മൗറീഞ്ഞോയുടെ ടോട്ടന്‍ഹാമിന് തകര്‍പ്പന്‍ ജയം. വെസ്റ്റ് ഹാം യുനൈറ്റഡിനെ 3-2നാണ് സ്പര്‍സ് തോല്‍പ്പിച്ചത്. സണ്‍ ഹേങ്(36), ലൂക്കാസ് മൗറാ (43), കാനെ (49) എന്നിവരാണ് ടോട്ടന്‍ഹാമിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ടോട്ടന്‍ഹാം ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് സ്പര്‍സ് ഒരു എവേ മല്‍സരത്തില്‍ ജയിക്കുന്നത്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് ലിവര്‍പൂള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. 49ാം മിനിറ്റില്‍ മാനെയിലൂടെ ചെമ്പട ലീഡ് നേടി. എന്നാല്‍ 82ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസിന്റെ സാഹയിലൂടെ അവര്‍ സമനില പിടിച്ചു. പിന്നീട് ആധിപത്യം ശ്രമിക്കാന്‍ പാലസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 85ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ ലീഡും ജയപരമ്പരയും തുടരുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനക്കാരായ ലെസ്റ്റര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രിങ്ടണ്‍ തറപ്പറ്റിച്ചു. സൗത്താംപ്ടണ്‍-ആഴ്‌സണല്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. വാറ്റ്‌ഫോഡിനെ ബേണ്‍ലി എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു.