സീരി എയില്‍ യുവന്റസിനെ അട്ടിമറിച്ച് കലിയരി; ഇമ്മൊബിലെയ്ക്ക് 35 ഗോള്‍

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലിയരി യുവന്റസിനെ തോല്‍പ്പിക്കുന്നത്.

Update: 2020-07-30 06:55 GMT

ടൂറിന്‍: ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ അട്ടിമറിച്ച് കലിയരി. 13ാം സ്ഥാനക്കാരായ കലിയരി എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്റസിനെ തോല്‍പ്പിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലിയരി യുവന്റസിനെ തോല്‍പ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടങ്ങുന്ന വന്‍ താരങ്ങളുള്ള യുവന്റസിനെ നോക്കുകുത്തിയാക്കിയാണ് കലിയരി ജയിച്ചത്. കലിയരി ഗോള്‍കീപ്പറുടെ മിന്നും പ്രകടനമാണ് യുവന്റസിന് വിനയായത്. ജിയോവനി സിമിയോണി, ലൂക്കാ ഗാഗ്ലിയാനൊ എന്നിവരാണ് കലിയരിയുടെ സ്‌കോറര്‍മാര്‍.

ലാസിയോ താരം സിറോ ഇമ്മൊബിലയുടെ റെക്കോഡ് തകര്‍ക്കാമെന്ന റൊണാള്‍ഡോയുടെ മോഹമാണ് ഇന്ന് പൊലിഞ്ഞത്. 31 ഗോളുള്ള റൊണാള്‍ഡോയ്ക്ക് ലീഗില്‍ ശേഷിക്കുന്നത് ഒരു മല്‍സരമാണ്. യൂറോപ്പിലെ ടോപ് സ്‌കോറര്‍ ആയ ബയേണിന്റെ ലെവന്‍ഡോസ്‌കിക്കൊപ്പമാണ് (35) ഇമ്മൊബിലെയുള്ളത്. ഇന്ന് ബ്രിഷ്യയ്‌ക്കെതിരായ മല്‍സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് ഇമ്മൊബിലെയുടെ സീസണിലെ ഗോളുകളുടെ എണ്ണം 35 ആയത്. സീരി എയില്‍ ആദ്യമായാണ് ഒരു ഇറ്റാലിയന്‍ താരം 35 ഗോള്‍ നേടുന്നത്.

ലാസിയോക്ക് ലീഗില്‍ ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. ഒരു ഗോള്‍ കൂടി നേടിയാല്‍ യൂറോപ്പിലെ ടോപ് സ്‌കോറര്‍ പട്ടവും സീരി എയിലെ എക്കാലത്തെയും ടോപ് സകോറര്‍ പട്ടവും ഇമ്മൊബിലെയ്ക്ക് സ്വന്തമാവും. ഇറ്റലിയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വിയ്‌ന്റെ റെക്കോഡാണ് താരം തകര്‍ക്കുക. 2015-16 സീസണില്‍ നപ്പോളിയ്ക്കായി ഹിഗ്വിയ്ന്‍ 36 ഗോളാണ് നേടിയത്. മറ്റ് മല്‍സരങ്ങളില്‍ എസി മിലാന്‍ 4-1ന് സംമ്പഡോറിയയെ തോല്‍പ്പിച്ചു. ഇന്റര്‍ മിലാന്‍, അറ്റ്‌ലാന്റ,ലാസിയോ എന്നിവരാണ് ലീഗില്‍ യുവന്റസിന് പിന്നിലായുള്ളത്.




Tags:    

Similar News