വീണ്ടും പ്രീക്വാര്‍ട്ടര്‍ ദുരന്തവുമായി യുവന്റസ്; പോര്‍ട്ടോയ്ക്ക് മുന്നില്‍ വീണു
115ാം മിനിറ്റില്‍ സെര്‍ജിയോ ഒലിവേര വീണ്ടും പോര്‍ട്ടോയുടെ രക്ഷയ്‌ക്കെത്തി.
ടൂറിന്‍: യുവന്റസിന്റെ ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് തിരശ്ശീല വീണു.പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയോട് പ്രീക്വാര്‍ട്ടറില്‍ തോറ്റാണ് യുവന്റസിന്റെ പിന്‍മാറ്റം. ഇരുപാദങ്ങളിലുമായി 4-4 അഗ്രിഗേറ്റിലാണ് പോര്‍ട്ടോയുടെ ജയം. ആദ്യ പാദത്തില്‍ 2-1ന് ജയിച്ച പോര്‍ട്ടോ രണ്ടാം പാദത്തില്‍ 3-2ന് തോറ്റെങ്കിലും എവേ ഗോള്‍ പിന്‍ബലത്തില്‍ ക്വാര്‍ട്ടറിലേക്ക് കയറുകയായിരുന്നു. ചാംപ്യന്‍സ് ലീഗ് ലക്ഷ്യവുമായെത്തിയ റൊണാള്‍ഡോയ്ക്ക് ഇക്കുറിയും യുവന്റസിനെ രക്ഷിക്കാനായില്ല. സെര്‍ജിയോ ഒലിവേരായാണ് 19ാം മിനിറ്റില്‍ പോര്‍ട്ടയ്‌ക്കോ ലീഡ് നല്‍കിയത്. തുടര്‍ന്ന് യുവന്റസ് ചീസയിലൂടെ രണ്ട് ഗോളിന്റെ ലീഡെടുത്തു. 49, 63 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ചീസയുടെ ഒരു ഗോളിന് റൊണാള്‍ഡോയാണ് അസിസ്റ്റ് ഒരുക്കിയത്.തുടര്‍ന്ന് മല്‍സരം 2-2 സമനിലയിലായി. എക്‌സ്ട്രാ ടൈമില്‍ ഇരുടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തി. ഒടുവില്‍ 115ാം മിനിറ്റില്‍ സെര്‍ജിയോ ഒലിവേര വീണ്ടും പോര്‍ട്ടോയുടെ രക്ഷയ്‌ക്കെത്തി. താരത്തിന്റെ സ്വന്തം ഗോളിലൂടെ പോര്‍ട്ടോ ക്വാര്‍ട്ടറിലേക്ക് കടന്നു. 54ാം മിനിറ്റില്‍ തരീമിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിട്ട് 10 പേരായാണ് പോര്‍ട്ടോ കളിച്ചത്. ഈ അവസരം വേണ്ടപോലെ ഉപയോഗിക്കാനും പിര്‍ളോയുടെ കുട്ടികള്‍ക്കായില്ല. സീരി എയില്‍ ഇത്തവണ കിരീടനേട്ടവും യുവന്റസിന് ഏറെ അകലെയാണ്.