ബെംഗളൂരുവിനെതിരായ മല്‍സരത്തിലെ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിച്ചതിന് പിന്നില്‍; ഇവാന്‍ വുക്കൊമനോവിച്ച്
ആ നിമിഷത്തെ തോന്നലിലാണ് ടീമിനെ തിരിച്ചുവിളിച്ചതെന്ന് ഇവാന്‍ മറുപടിയില്‍ പറഞ്ഞു.
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവിനെതിരായ വിവാദ പ്ലേ ഓഫ് മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ടീമിനെ പിന്‍വലിച്ചതിന് കാരണം ആ മല്‍സരത്തിലെ നടപടി മാത്രമല്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കൊമനോവിച്ച്. വിവാദവുമായി ബന്ധപ്പെട്ട് കോച്ചിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിലാണ് ഇവാന്റെ വിശദീകരണം. മല്‍സരം അവസാനിപ്പിക്കാതെ ടീമിനെ തിരിച്ചുവിളിച്ചത് കോച്ച് കാരണമാണെന്നാണ് ഫെഡറേഷന്റെ വിലയിരുത്തല്‍. ആ നിമിഷത്തെ തോന്നലിലാണ് ടീമിനെ തിരിച്ചുവിളിച്ചതെന്ന് ഇവാന്‍ മറുപടിയില്‍ പറഞ്ഞു.
കഴിഞ്ഞ ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരായ മല്‍സരത്തിലും വിവാദ റഫറിയായ ക്രിസ്റ്റല്‍ ജോണ്‍ പിഴവ് വരുത്തിയിരുന്നു. അന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അതിന് ആരും മറുപടി തന്നില്ല. അന്ന് മല്‍സരത്തിലെ പരാജയത്തിന് ശേഷം കളിക്കാരെ ആശ്വാസിപ്പിക്കാന്‍ ഏറെ പാടുപ്പെട്ടിരുന്നു. വീണ്ടും നിര്‍ണ്ണായക മല്‍സരത്തില്‍ റഫറി മോശം തീരുമാനം കൈക്കൊണ്ടത് സഹിക്കാനായില്ല. തുടര്‍ന്നാണ് ടീമിനെ തിരിച്ച് വിളിച്ചതെന്നും കോച്ച് വ്യക്തമാക്കി. ആ സമയം തന്റെ പരാതി പരിഗണിക്കാന്‍ ആരും ശ്രമിച്ചില്ല. 20 സെക്കന്‍ഡിലധികം നീണ്ട ഇടവേള ലഭിക്കുന്ന പക്ഷം എതിര്‍ ടീമിന് ഫ്രീകിക്ക് അനുവദിക്കാനാകില്ല-കോച്ച് ചൂണ്ടികാട്ടി.
പ്ലേ ഓഫിലെ വിവാദ മല്‍സരത്തിലെ എക്‌സ്ട്രാ ടൈമില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ബെംഗളൂരുവിനായി വിജയ ഗോള്‍ നേടിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാവുന്നതിന് മുമ്പായിരുന്നു ഛേത്രി ഫ്രീകിക്ക് സ്‌കോര്‍ ചെയ്തത്.