ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി തള്ളി; പിഴ ആറ് ലക്ഷം;റഫറിക്ക് തെറ്റ് പറ്റിയില്ല

വിശദവിവരങ്ങള്‍ ഇന്ന് ഫെഡറേഷന്‍ ഔദ്ദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിക്കും.

Update: 2023-03-07 04:35 GMT


ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ട് മല്‍സരത്തിലെ വിവാദ ഗോളിനെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കിയ പരാതി തള്ളി. റഫറിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് വിവാദ ഗോളിന് ശേഷം കളം വിട്ടത് തെറ്റാണെന്നും യോഗം ചൂണ്ടികാട്ടി. ബ്ലാസ്‌റ്റേഴ്‌സിന് ആറ് ലക്ഷം പിഴയാണ് വിധിച്ചത്. കോച്ച് ഇവാനെ വിലക്കാനും സാധ്യതയുണ്ട്. വിലക്കടക്കമുള്ള കൂടുതല്‍ ശിക്ഷകള്‍ ഐഎസ്എല്ലിന് ശേഷം പ്രഖ്യാപിക്കും. എന്നാല്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബിനെ വിലക്കാന്‍ ഫെഡറേഷന്‍ മുതിര്‍ന്നേക്കില്ല എന്നും റിപ്പോര്‍ട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കിയാല്‍ ടൂര്‍ണ്ണമെന്റിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. യോഗത്തിന്റെ വിശദവിവരങ്ങള്‍ ഇന്ന് ഫെഡറേഷന്‍ ഔദ്ദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിക്കും.


നോക്കൗട്ടിലെ വിവാദ ബെംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് മല്‍സരത്തില്‍ സംഭവിച്ചത്

നിശ്ചിത സമയത്ത് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. എക്സ്ട്രാ ടൈമില്‍ ഇന്ത്യന്‍ ഫുട്ബോളിലെ സുനില്‍ ഛേത്രിയുടെ ഗോളാണ് മല്‍സരത്തില്‍ വിവാദമായത്. 96ാംമിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം വിബിന്‍ മോഹന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു ബോക്സിന് അരികില്‍ വച്ച് ബെംഗളൂരുവിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചത്. ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ ബോക്സില്‍ നിന്ന് മുന്നോട്ട് കയറി സഹതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് സുനില്‍ ഛേത്രിയുടെ ചതി പിറന്നത്. ഞൊടിയിടയിലായിരുന്നു എല്ലാവരെയും അമ്പരിപ്പിച്ച് ഛേത്രിയുടെ ഗോള്‍ പിറന്നത്. ഗോള്‍കീപ്പര്‍ മാത്രമല്ല ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒന്നും ഫ്രീകിക്കിനായി തയ്യാറായിരുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ ബ്ലാസ്റ്റേഴ്സ് താരങ്ങളും കാണികളും നിശ്ബദരായി. ഛേത്രയുടെ ചതിയേക്കാള്‍ വേദനാജനകമായിരുന്നു റഫറി ഈ ഗോള്‍ ബെംഗളൂരുവിന് അനുവദിച്ച് കൊടുത്തത്.

ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ആയിരുന്നു റഫറിയുടെ ഗോള്‍ അനുവദിച്ച പ്രഖ്യാപനവും. തുടര്‍ന്ന് കോച്ച് ഇവാന്‍ വുകമനോവിച്ചിന്റെ നിര്‍ദ്ദേശത്തോടെ മഞ്ഞപ്പട പ്രതിഷേധവുമായി കളം വിടുകയായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.









Tags:    

Similar News