മല്‍സരത്തിനിടെ പിന്‍മാറ്റം; ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കുമോ? ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിധി നാളെ

ക്ലബ്ബിന് വന്‍ പിഴയും തരംതാഴ്ത്തലിനും സാധ്യതയുണ്ട്.

Update: 2023-03-06 16:28 GMT


മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മില്‍ നടന്ന ഐഎസ്എല്ലിലെ വിവാദ നോക്കൗട്ട് മല്‍സരവുമായി ബന്ധപ്പെട്ട ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ യോഗ തീരുമാനം നാളെ പ്രഖ്യാപിക്കും. യോഗം ഇന്ന് ചേരുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ തീരുമാനങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് മല്‍സരം മതിയാക്കി തിരിച്ചുകയറുകയായിരുന്നു. വിവാദ ഗോളിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് പരാതിയും നല്‍കിയിരുന്നു. ഗോള്‍ അനുവദിച്ച വിവാദ റഫറി ക്രിസ്റ്റല്‍ ജോണിനെ പിന്‍വലിക്കണമെന്നും ബെംഗളൂരുവിനെതിരായ മല്‍സരം വീണ്ടും നടത്തണമെന്നുമാണ് ബ്ലസാറ്റേഴ്‌സിന്റെ ആവശ്യം. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കാനുള്ള സാധ്യതയാണ് കൂടുതല്‍. റഫറിക്കെതിരേയും നടപടി വന്നേക്കാം. ക്ലബ്ബിന് വന്‍ പിഴയും തരംതാഴ്ത്തലിനും സാധ്യതയുണ്ട്.


മല്‍സരത്തില്‍ സംഭവിച്ചത്

നിശ്ചിത സമയത്ത് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. എക്‌സ്ട്രാ ടൈമില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായകന്‍ സുനില്‍ ഛേത്രിയുടെ ഒരു ചതി അതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സ്വപ്‌നം തകര്‍ത്തത്. 96ാംമിനിറ്റില്‍ വിബിന്‍ മോഹന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു ബോക്‌സിന് അരികില്‍ വച്ച് ബെംഗളൂരുവിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ബോക്‌സില്‍ നിന്ന് മുന്നോട്ട് കയറി സഹതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് സുനില്‍ ഛേത്രിയുടെ ചതി പിറന്നത്. ഞൊടിയിടയിലായിരുന്നു എല്ലാവരെയും അമ്പരിപ്പിച്ച് ഛേത്രിയുടെ ഗോള്‍ പിറന്നത്. ഗോള്‍കീപ്പര്‍ മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നും ഫ്രീകിക്കിനായി തയ്യാറായിരുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കാണികളും നിശ്ബദരായി. ഛേത്രയുടെ ചതിയേക്കാള്‍ വേദനാജനകമായിരുന്നു റഫറി ഈ ഗോള്‍ ബെംഗളൂരുവിന് അനുവദിച്ച് കൊടുത്തത്.


ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ആയിരുന്നു റഫറിയുടെ ഗോള്‍ അനുവദിച്ച പ്രഖ്യാപനവും. തുടര്‍ന്ന് കോച്ച് ഇവാന്‍ വുകമനോവിച്ചിന്റെ നിര്‍ദ്ദേശത്തോടെ മഞ്ഞപ്പട പ്രതിഷേധവുമായി കളം വിടുകയായിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം റഫറി പാനലിന്റെ തീരുമാനവും വന്നു ബെംഗളൂരു വിജയികള്‍. കേരളാ ബ്ലാസറ്റേഴ്‌സിന്റെ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്.






Tags:    

Similar News