
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യജയമാണിത്. 37-ാം മിനിറ്റില്‍ വില്‍മാര്‍ ജോര്‍ദ്ദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് ചെന്നൈയിന്‍ പിന്നീടുള്ള സമയം കളിച്ചത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജീസസ് ജിമെനസിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ വേഗമേറിയ ഗോളുമാണിത്. 37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡ്രിന്‍സിച്ചിന്റെ തലയില്‍ കൈ കൊണ്ട് തള്ളിയതിന് വില്‍മര്‍ ജോര്‍ദാന് ചുവപ്പു കാര്‍ഡ് കിട്ടിയത് ചെന്നൈയിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. പിന്നീട് എങ്ങനെയും ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനായിരുന്നു അവരുടെ ശ്രമം.
എന്നാല്‍ 10 പേരായി ചുരുങ്ങിയ ചെന്നൈയിന്റെ പ്രതിരോധപ്പാളിച്ച മുതലെടുത്ത ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കോറോ സിംഗ് ബ്ലാസ്റ്റേഴ്‌സിനെ രണ്ടടി മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ (56ാം മിനിറ്റില്‍) ലക്ഷ്യം കണ്ട ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വിന്‍സി ബരേറ്റോ ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടി.
കളിയുടെ അവസാന നിമിഷം ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം നോഹ സദൗയി നഷ്ടമാക്കിയത് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയെ ചൊടിപ്പിച്ചു. ഇരുവരും തമ്മില്‍ എതിര്‍ താരങ്ങളെപ്പോലെ ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്തത് ബ്ലാസ്റ്റേഴ്‌സിന് നാണക്കേടായി. മത്സരത്തില്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കുകയും നാല് സുവര്‍ണാവസരങ്ങള്‍ ഒരുക്കുകയും ചെയ്ത് കളം നിറഞ്ഞുകളിച്ച അഡ്രിയാന്‍ അഡ്രിയാന്‍ ലൂണയാണ് കളിയിലെ താരം.
ജയത്തോടെ 19 കളികളില്‍ 24 പോയന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ 19 മത്സരങ്ങളില്‍ 18 പോയന്റുള്ള ചെന്നൈയിന്‍ എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.