ചെന്നെയിനെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

കേരള ബ്ലാസ്‌റ്റേ്‌ഴ്‌സ് എഫ്‌സി 1-ചെന്നൈയിന്‍ എഫ്‌സി 1

Update: 2021-02-21 16:45 GMT

ജിഎംസി സ്‌റ്റേഡിയം, ബംബോലിം (ഗോവ): ഐഎസ്എലിലെ 19ാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ 1-1ന് സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം പെനാല്‍റ്റി ഗോളിലൂടെയാണ് സതേണ്‍ ഡെര്‍ബിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെ ഒപ്പം പിടിച്ചത്. പത്താം മിനുറ്റില്‍ ഫതുലോയിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. പെനാല്‍റ്റി കിക്കിലൂടെ 29ാം മിനുറ്റില്‍ ഗാരി ഹൂപ്പര്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം സമനിലയാണിത്. മൂന്നു ജയവും എട്ടു തോല്‍വിയുമടക്കം 17 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടര്‍ന്നു. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ എഫ്‌സി 11ാം സമനിലയോടെ 20 പോയിന്റുമായി എട്ടാം സ്ഥാനത്തായി. ആദ്യപാദത്തിലും ഇരുടീമുകളും ഗോളില്ലാ സമനിലയില്‍ പിരിഞ്ഞിരുന്നു. ഫെബ്രുവരി 26ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം സീസണിലെ അവസാന മത്സരം.

ചെന്നൈയിനെതിരെ നാലു മാറ്റങ്ങളുമായാണ് ഇടക്കാല പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ടീമിനെ വിന്യസിച്ചത്. നായകന്‍ ജെസെല്‍ കെര്‍ണെയ്‌റോയും ലാല്‍റുവത്താരയും പ്രതിരോധ നിരയില്‍ തിരിച്ചെത്തി. ബകാരി കോനെ, കോസ്റ്റ നമിയോന്‍സു, എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. മധ്യനിരയിലായിരുന്നു മറ്റു രണ്ടു മാറ്റങ്ങള്‍. പ്രശാന്ത്.കെ, വിസെന്റ ഗോമെസ് എന്നിവര്‍ക്കൊപ്പം രാഹുല്‍ കെ.പിയും ജീക്‌സണ്‍ സിങും വന്നു. മുന്നേറ്റത്തില്‍ മാറ്റമുണ്ടായില്ല, ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും തന്നെ. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. വിശാല്‍ കെയ്ത്തായിരുന്നു ചെന്നൈയിന്‍ ഗോളി. ദീപക് ടാന്‍ഗ്രി, എനസ് സിപോവിച്, ജെറി ലാലിയന്‍സുവല, എഡ്വിന്‍ വാന്‍സ്‌പോള്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ലാലിയന്‍സുവല ചാങ്‌തെ, അനിരുദ്ധ് ഥാപ, മാനുവല്‍ ലാന്‍സറോട്ടെ, മെമോ മൗറ എന്നിവര്‍. ഫതുലോ ഫതുലോയേവും യാകൂബ് സില്‍വെസ്റ്ററും ആക്രമണം നയിച്ചു.

ആദ്യ മിനുറ്റുകളില്‍ തന്നെ ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ടു ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിഫലമാക്കി. അനിരുദ്ധ് ഥാപയുടെ ശക്തമായ ഒരു ഷോട്ട് ആല്‍ബിനോ ഗോമസ് തടുത്തിട്ടു. റീബൗണ്ട് ചെയ്ത പന്ത് ചാങ്‌തെയുടെ കാലില്‍, ബോക്‌സിനകത്ത് നിന്ന് ചാങ്‌തെ വലയിലേക്ക് പന്ത് തൊടുത്തു, ആല്‍ബിനോ വീണ്ടും രക്ഷകനായി. ആറാം മിനുറ്റില്‍ ചാങ്‌തെയുടെ മറ്റൊരു ശ്രമം ബക്കാരി കോനെ ഒപ്പമെത്തി ബ്ലോക്ക് ചെയ്തു. ബ്ലാസ്റ്റേഴ്‌സ് പ്രത്യാക്രമണത്തിന് ശ്രമിച്ചു. ബോക്‌സിന് പുറത്ത് നിന്ന് വിസെന്റെ ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചു, വിശാലിനെ മറികടക്കാനായില്ല. പത്താം മിനുറ്റില്‍ ചെന്നൈയിന്‍ ലക്ഷ്യം നേടി. ബോക്‌സിന് പുറത്ത് വലത് പാര്‍ശ്വത്തില്‍ നിന്ന് എഡ്വിന്‍ വാന്‍സ്‌പോള്‍ ഫതുലോയ്ക്ക് പന്ത് കൈമാറി. പന്ത് കാലില്‍ കൊരുത്ത് ബോക്‌സില്‍ കയറിയ ഫതുലോയുടെ ഗ്രൗണ്ട് ബോള്‍ ഷോട്ട്, ആല്‍ബിനോയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി.

14ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിനടുത്തെത്തി. ഹൂപ്പര്‍ നല്‍കിയ പന്തുമായി ജോര്‍ദാന്‍ മറെ ബോക്‌സിനകത്ത് കയറി ഷോട്ടുതിര്‍ത്തു. വിശാല്‍ കെയ്ത്ത് തടഞ്ഞിട്ടു. ബോക്‌സില്‍ തന്നെ പന്ത് വീണെങ്കിലും കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുണ്ടായില്ല. 29ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ ഒപ്പം പിടിച്ചു. ചെന്നൈയിന്‍ ബോക്‌സിലേക്കെത്തിയ പന്ത് നേടാന്‍ മറെയ്‌ക്കൊപ്പം ഉയര്‍ന്നുപൊങ്ങിയ ദീപക് ടാന്‍ഗ്രിയുടെ കയ്യില്‍ പന്ത് തട്ടി, റഫറി പിഴ വിധിച്ചു. ഗാരി ഹൂപ്പറിന് പിഴച്ചില്ല, കരിയറില്‍ ഇംഗ്ലീഷ് താരത്തിന്റെ ഇരുനൂറാം ഗോളിനൊപ്പം ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരിച്ചെത്തി.

സമനില പിടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പന്തടക്കത്തില്‍ കൂടുതല്‍ ആധിപത്യം കാട്ടി. 37ാം മിനുറ്റില്‍ രണ്ടു അവസരങ്ങള്‍ കൂടി വന്നു. ചെന്നൈയിന്‍ ബോക്‌സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ മറെ, ചെന്നൈ താരം മെമോയുടെ പ്രതിരോധത്തിനിടെ വീണു. ബ്ലാസ്റ്റേഴ്‌സ് പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനിടെ പ്രശാന്തിന്റെ ക്രോസില്‍ ഹെഡ് ചെയ്യാനുള്ള രാഹുലിന്റെ ശ്രമവും വിഫലമായി. 39ാം മിനുറ്റില്‍, ഹൂപ്പര്‍ പെനാല്‍റ്റി ബോക്‌സിന്റെ അഗ്രത്തില്‍ നിന്ന് മനോഹരമായി പന്ത് വല ലക്ഷ്യമാക്കി ചെത്തിയിട്ടു, കെയ്ത്ത് ലക്ഷ്യംതെറ്റിയാണ് നിന്നിരുന്നതെങ്കിലും പന്ത് ക്രോസ്ബാറിന് മുകളില്‍ പറന്നു. സമനിലയോടെ മത്സരം ആദ്യപകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്്‌സ് ജാഗ്രതയോടെ കൡച്ചു, ചെന്നൈയിന്‍ ആക്രമണത്തിന് കോപ്പുകൂട്ടിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പന്തടക്കം വിട്ടില്ല. 66ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുക്കുമെന്ന് തോന്നിച്ചു. ഹൂപ്പറിന്റെ കോര്‍ണര്‍ കിക്ക് കൃത്യം വലയ്ക്ക് മുന്നിലെത്തി. കൂട്ടപ്പൊരിലിച്ചിനിടയില്‍ തിരികെ എത്തിയ പന്തില്‍ വീണ്ടും ഹൂപ്പറിന്റെ ക്രോസ്. ജോര്‍ദാന്‍ മറെ ഹെഡറിന് ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ ഗോളി സമര്‍ഥമായി പന്തിനെ വലയകറ്റി വിട്ടു. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. 77ാം മിനുറ്റില്‍ ചെന്നൈയുടെ കോര്‍ണറിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണം. പ്രശാന്ത് വലത് പാര്‍ശ്വത്തിലൂടെ പന്തുമായി എതിര്‍ ബോക്‌സിലേക്ക് കുതിച്ചു, പകുതിയില്‍ ഹൂപ്പറും ഒപ്പം ചേര്‍ന്നു. ബോക്‌സിനകത്ത് നിന്ന് മലയാളി താരം നിറയൊഴിച്ചു, പക്ഷേ തോയി സിങ് വില്ലനായി.

80ാം മിനുറ്റില്‍ പ്രശാന്തിനെ ഇടങ്കാലിട്ട് വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ചെന്നൈയിന്‍ താരം എനസ് സിപോവിച്ച് പുറത്തായി. ബ്ലാസ്റ്റേഴ്‌സ് മാറ്റം വരുത്തി. കോനെയ്ക്ക് പകരം യുവാന്‍ഡെ എത്തി. പ്രശാന്തിനും രാഹുലിനും യഥാക്രം സഹല്‍ അബ്ദുസമദും റിത്വിക് ദാസും പകരക്കാരായി. 86ാം മിനുറ്റില്‍ ലാല്‍റുവത്താരയുടെ ക്രോസില്‍ നിന്നും രാഹുലിന്റെ ഹെഡര്‍ ശ്രമം. തൊട്ടടുത്ത മിനുറ്റില്‍ മറ്റൊരു അവസരം കൂടി കേരളത്തിന് ലഭിച്ചെങ്കിലും മറെയ്ക്ക് അവസരോചിതമായ നീക്കം നടത്താനായില്ല. 90ാം മിനുറ്റില്‍ ജെസെലിന്റെ ഒരു ശക്തിയേറിയ ഷോട്ട് വിശാല്‍ കെയ്ത്ത് സമര്‍ഥമായി രക്ഷപ്പെടുത്തി. അധിക സമയത്തും വിജയഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സമനില പൂട്ടഴിക്കാനായില്ല.

Tags:    

Similar News