കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കിരീടം തേടി ഗോകുലവും കെഎസ്ഇബിയും

വൈകുന്നേരം 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് കലാശപ്പോരാട്ടം.കൊവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനമുണ്ടാവില്ല. സ്പോര്‍ട്സ്‌കാസ്റ്റ് ഇന്ത്യയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും

Update: 2021-04-21 06:18 GMT

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മല്‍സരം ഇന്ന്. വൈകുന്നേരം 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കലാശക്കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ഗോകുലം കേരള എഫ്സിയും കെഎസ്ഇബിയുമാണ് കിരീടത്തിനായി പോരാടുക. കൊവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനമുണ്ടാവില്ല. സ്പോര്‍ട്സ്‌കാസ്റ്റ് ഇന്ത്യയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ലീഗില്‍ ഇതുവരെ പരാജയമറിയാതെയാണ് ഗോകുലം കേരളയുടെ കുതിപ്പ്. ലീഗ് റൗണ്ടില്‍ അഞ്ച് മല്‍സരങ്ങളും ജയിച്ച് എ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയില്‍ കടന്ന ടീം കേരള യുണൈറ്റഡ് എഫ്സിയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ഫൈനലിലെത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ഗോകുലം ഫൈനലിലെത്തുന്നത്. 2018ല്‍ ചാംപ്യന്‍മാരായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോല്‍ക്കുകയായിരുന്നു.

2017ലെ ചാംപ്യന്‍മാരായ കെഎസ്ഇബി ബി ഗ്രൂപ്പില്‍ ഒന്നാമന്‍മാരായാണ് സെമിയില്‍ കടന്നത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീം കളിച്ചിരുന്നില്ല. ലീഗിലെ ആദ്യ മല്‍സരത്തില്‍ എം എ അക്കാദമിയോട് തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു മല്‍സരങ്ങളും വിജയിച്ചു. ബാസ്‌കോയ്ക്കെതിരായ സെമിയില്‍ മുന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച്, ഷൂട്ടൗട്ടിലെ വിജയവുമായാണ് അവസാന രണ്ടിലെത്തിയത്. ഇന്ന് ജയിച്ചാല്‍ ഇരുടീമുകള്‍ക്കും എസ്ബിഐയുടെ രണ്ടു കെപിഎല്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് നിലവിലെ ചാംപ്യന്‍മാര്‍.

Tags:    

Similar News