കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തകര്‍ത്തത്. ലീഗിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യതകളും നിലനിര്‍ത്തി. 17ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ പ്രവേശിക്കാനായേക്കും
കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ നാലാം മല്‍സരത്തില്‍ കോവളം എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തകര്‍ത്തത്. ലീഗിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യതകളും നിലനിര്‍ത്തി. 17ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ പ്രവേശിക്കാനായേക്കും. വ്യാഴാഴ്ച നടക്കുന്ന കേരള യുണൈറ്റഡിന്റെ മല്‍സര ഫലത്തെ ആശ്രയിച്ചാവും ഇത്.നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ്, രണ്ടു ജയവും ഓരോ വീതം തോല്‍വിയും സമനിലയുമായി പോയിന്റ് സമ്പാദ്യം ഏഴാക്കി ഉയര്‍ത്തി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ കുതിപ്പ്. വി എസ് ശ്രീകുട്ടന്‍(33), നഓറം ഗോബിന്ദാഷ് സിങ് (60), സുരാഗ് ഛേത്രി (75), ഒ എം ആസിഫ് (90+1) എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഷെറിന്‍ ജെറോം (28) കോവളം എഫ്‌സിക്കായി ആശ്വാസ ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിനായി ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ സുരേഷാണ് കളിയിലെ താരം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് സച്ചിന്‍ സുരേഷ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കോവളം എഫ്‌സിക്കെതിരെ ഇറങ്ങിയത്. ക്യാപ്റ്റന്‍ ടി ഷഹജാസ്, അമല്‍ ജേക്കബ്, നിഹാല്‍ സുധീഷ് എന്നിവര്‍ക്ക് പകരം സലാഹുദ്ദീന്‍ അദ്നാന്‍, ഗലിന്‍ ജോഷി, ഇ സജീഷ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, വി ബിജോയ്, യൊഹെംബ മീട്ടെയ്, ഒ എം ആസിഫ്, സുരാഗ് ഛേത്രി, വി എസ് ശ്രീകുട്ടന്‍്,ഒ എം ആസിഫ് , ദീപ് സാഹ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
4-3-3 ക്രമത്തിലാണ് കോച്ച് ടി ജി പുരുഷോത്തമന്‍ ടീമിനെ വിന്യസിച്ചത്. 4-4-2 ഫോര്‍മേഷനിലാണ് കോവളം ഇറങ്ങിയത്.അഞ്ചാം മിനുറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിനടുത്തെത്തി. സുരാഗ് ഛേത്രിയുടെ മുന്നേറ്റം ഓഫ് സൈഡില്‍ കുരുങ്ങി. ലോങ് റേഞ്ചറില്‍ നിന്ന് ഗോള്‍ നേടാനുള്ള കോവളം ക്യാപ്റ്റന്‍ ഇ കെ ഹാരിസിന്റെ ശ്രമവും പാളി. 14ആം മിനുറ്റില്‍ സച്ചിന്‍ പൗലോസിന്റെ നീക്കം ബാറിന് മുകളില്‍ പറന്നു. ഇരു പകുതികളിലും മാറി മാറി പന്തെത്തി.പ്രത്യാക്രമണങ്ങളായിരുന്നു കൂടുതലും. സച്ചിന്‍ സുരേഷിന്റെ മികച്ച പ്രകടനം ആദ്യ മിനുറ്റുകളില്‍ തന്നെ ലീഡ് നേടാനുള കോവളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 17ആം മിനുറ്റിലെ മികച്ച ഒരു അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനും കഴിഞ്ഞില്ല.
കളിയുടെ 28ാം മിനുറ്റില്‍ ഷെറിന്‍ ജെറോം കോവളത്തിനെ മുന്നിലെത്തിച്ചു. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് സജിത്ത് പൗലോസ് നല്‍കിയ ക്രോസ് അദ്യ അടിയില്‍ തന്നെ ഷെറിന്‍ വലയില്‍ എത്തിച്ചു. കോവളത്തിന്റെ ലീഡിന് അധികം ആയുസുണ്ടായില്ല. കളിയുടെ തുടക്കം മുതലുള്ള പരിശ്രമങ്ങള്‍ക്ക് 33ആം മിനിറ്റില്‍ ശ്രീക്കുട്ടനും ബ്ലാസ്റ്റേഴ്‌സും ഫലം കണ്ടു.ബോക്‌സിനു മുന്നിലെ ചില നീക്കങ്ങള്‍ക്കൊടുവില്‍ വലതു ഭാഗത്ത് ഒഴിഞ്ഞു നിന്നിരുന്ന ശ്രീക്കുട്ടന് മധ്യ നിരയില്‍ നിന്ന് പന്ത് ലഭിച്ചു. പന്തുമായി ബോക്‌സില്‍ കയറിയ താരം കോവളത്തിന്റെ പ്രതിരോധ താരങ്ങളെയും ഗോളിയെയും വെട്ടിച്ച് ലക്ഷ്യം നേടി. തൊട്ടു പിന്നാലെ ദീപ് സാഹയ്ക്ക് പകരം നഓറം ഗോബിന്ദാഷ് സിംഗ് ഇറങ്ങി.
36 മിനിറ്റില്‍ ബോക്‌സിലേക്ക് സമാന്തരമായി സുരാഗ് ചേത്രി നല്‍കിയ ക്രോസില്‍ കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു താരങ്ങള്‍ക്കും കഴിഞ്ഞില്ല. അദ്യ പകുതിയുടെ അധിക സമയത്ത് ബ്ലാസ്റ്റേഴ്‌സ് രണ്ടു അവസങ്ങള്‍ കൂടി സൃഷ്ടിച്ചു. സുരാഗിന്റെ ഒരു ശ്രമം വിഫലമായതിന് പിന്നാലെ പന്ത് ലഭിച്ച ന ഓറം ഇടത് ഭാഗത്ത് നിന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ക്രോസ് ബാറില്‍ തട്ടി.
കോവളത്തിന്റെ ഒരു ലീഡ് ശ്രമം ഗോളി സച്ചിന്‍ സുരേഷും രക്ഷപ്പെടുത്തി.രണ്ടാം പകുതിയുടെ 15ാം മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. യൊഹെംബയുടെ ഒരു മനോഹരമായ ലോങ് റേഞ്ചര്‍ കോവളം ഗോളി സേവ് ചെയ്‌തെങ്കിലും പന്ത് കൈപ്പിടിയില്‍ ഒതുക്കാനായില്ല. പന്തിനായി വലത് വിങ്ങിലേക്ക് ഓടിയടുത്ത ശ്രീക്കുട്ടന്റെ ശ്രമം വിജയിച്ചു. ഇടത് ഭാഗത്തേക്ക് നല്‍കിയ ക്രോസില്‍ നഓറം തല വച്ചു. സുന്ദരമായ ഹെഡര്‍ ബ്ലാസ്റ്റേഴ്‌സിനെ 2-1ന് മുന്നിലെത്തിച്ചു.
75ാം മിനുറ്റില്‍ മനോഹരമായ ടീം ഗെയിമിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡുയര്‍ത്തി. സുരാഗ്- സജീഷ്- ശ്രീക്കുട്ടന്‍ ത്രയം സൃഷ്ടിച്ച നീക്കങ്ങള്‍ക്കൊടുവില്‍ ഇടത് ഭാഗത്ത് കൂടെ ബോക്‌സിലേക്ക് കയറിയ ശ്രീക്കുട്ടന്‍ വലയ്ക്ക് മുന്നിലായി നിന്ന സുരാഗ് ഛേത്രിക്ക് പന്ത് പാസ് ചെയ്തു. ക്യാപ്റ്റന് പിഴച്ചില്ല, പന്ത് വലയില്‍ വിശ്രമിച്ചു. പരിക്ക് സമയത്ത് നഓറത്തിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്ക് ആസിഫ് വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയായി.ഏപ്രില്‍ 17നു നടക്കുന്ന അവസാന റൗണ്ട് മത്സരത്തില്‍ കെഎസ്ഇബിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.