സ്‌പെയിനില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി; റയലിന് ജയിച്ചേ തീരൂ
രാത്രി 8.45നാണ് മല്‍സരം.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മാഡ്രിഡ് ഡെര്‍ബിക്ക് ഇന്ന് അരങ്ങ് ഉണരും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡും മൂന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ തീപ്പാറും പോരാട്ടമാണ് നടക്കുക. ലീഗില്‍ 58 പോയിന്റാണ് അത്‌ലറ്റിക്കോ മാഡ്രിഡിനുള്ളത്. റയലിനാവട്ടെ 53 പോയിന്റും.ഇന്ന് ജയിച്ച് ബാഴ്‌സയെ തള്ളി രണ്ടാം സ്ഥാനത്തെത്താനാണ് റയലിന്റെ ശ്രമം. എന്നാല്‍ ഇന്ന് ജയിച്ച് ബാഴ്‌സയുമായുള്ള പോയിന്റ് അന്തരം വര്‍ദ്ധിപ്പിക്കാനാണ് സിമിയോണിയുടെ കുട്ടികളുടെ ശ്രമം. ലീഗിലെ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അത്‌ലറ്റിക്കോയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. സൂവാരസില്‍ തന്നെയാണ് അത്‌ലറ്റിക്കോയുടെ പ്രതീക്ഷ.
വിനീഷ്യസ് ജൂനിയര്‍, റൊഡ്രിഗോ, ക്രൂസ്, മാര്‍സെലോ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ. നിലവിലെ ചാംപ്യന്‍മാരായ റയലിന് കിരീടപോരാട്ടത്തിലേക്ക് അടുക്കാന്‍ ഈ ജയം അനിവാര്യമാണ്. ആഴ്ചകളായി ലാ ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അത്‌ലറ്റിക്കോയ്ക്കാവട്ടെ ഒന്നാം സ്ഥാനം അരക്കെട്ടുറുപ്പിക്കേണ്ടതും അനിവാര്യമാണ്. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം എന്നത് അവര്‍ക്ക് മുതല്‍ക്കൂട്ടാവും. രാത്രി 8.45നാണ് മല്‍സരം. ലാ ലിഗയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മല്‍സരത്തിന്റെ ലൈവ് കാണാം. റയലിന്റെ പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഇത് സിദാന്റെ ടീമിന് തിരിച്ചടിയാണ്. എന്നാല്‍ കരീം ബെന്‍സിമ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇരു ടീമുകളുടെ കോച്ചുമാരായ സിമിയോണിയും സിദാനും പരസ്പരം ഏറ്റുമുട്ടുന്ന 14ാം മാഡ്രിഡ് ഡെര്‍ബിയാണിത്.