ബ്യൂണസ് അയറിസ്: അര്‍ജന്റീന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഫുട്‌ബോളിലെ മിശിഹ സ്വന്തം ടീമിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിരമിച്ച മെസ്സി മൊറോക്കോ, വെനിസ്വേല എന്നിവര്‍ക്കെതിരേയുള്ള അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് തിരിച്ചെത്തുന്നത്. മെസ്സിയും ടീമിലുണ്ടാവുമെന്ന് കോച്ച് സ്‌കലോനി വ്യക്തമാക്കി. അതുകഴിഞ്ഞുള്ള കോപ്പാ അമേരിക്കയിലും താരം കളിക്കും. എന്നാല്‍ മെസ്സി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗഹൃദമല്‍സരങ്ങള്‍ക്കായുള്ള ടീം ഈയാഴ്ച പ്രഖ്യാപിക്കും. രണ്ടു മല്‍സരങ്ങളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും താരം കളിക്കുക. ലോകകപ്പിലെ തോല്‍വിക്കുശേഷമാണ് മെസ്സി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ടുമാസമായി മെസ്സി ടീമിനൊപ്പമില്ല. ഈ എട്ടുമാസത്തിനിടയ്ക്ക് നടന്ന ആറ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മെസ്സി അര്‍ജന്റീനയ്ക്കായി കളിച്ചിട്ടില്ല. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി മികച്ച ഫോം തുടരുന്ന മെസ്സിക്ക് ദേശീയ ടീമിലെ റെക്കോഡ് മോശമാണ്. ടീമിനെ പ്രമുഖ ചാംപ്യന്‍ഷിപ്പുകളില്‍ മുന്‍നിരയിലേക്കെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന വിമര്‍ശനം.