യൂറോയില്‍ ഇംഗ്ലണ്ടിന് സമനില; കോപ്പയില്‍ അര്‍ജന്റീനയ്ക്ക് ആദ്യ ജയം
ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.
വെംബ്ലി/ബ്രസീലിയ: യൂറോ കപ്പില്‍ ശക്തരായ ഇംഗ്ലണ്ടിനെ ഗോള്‍ രഹിത സമനിലയില്‍ പൂട്ടി സ്‌കോട്ട്‌ലാന്റ്. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് മികച്ച കളി പുറത്തെടുത്തിട്ടും ഗോള്‍ നേടാനായില്ല. ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ ഇതോടെ നിര്‍ണ്ണായകമായി. ഒരു ജയവും ഒരു സമനിലയുമായി ഇംഗ്ലണ്ടും ചെക്കും ഒന്നാം സ്ഥാനത്തും ഓരോ സമനിലയുമായി ക്രൊയേഷ്യയും സ്‌കോട്ട്‌ലാന്റും രണ്ടാമതും നില്‍ക്കുന്നു.
കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന ആദ്യ ജയം നേടി. ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.കളം നിറഞ്ഞു കളിച്ച ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് ഗൈഡോ റൊഡ്രിഗസാണ് വിജയ ഗോള്‍ നേടിയത്. റയല്‍ ബെറ്റിസിന്റെ താരമാണ് റൊഡ്രിഗസ്. 13ാം മിനിറ്റിലാണ് കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഡിപോള്‍ മെസ്സിക്ക് നല്‍കിയത്. മെസ്സി പന്ത് ഉറുഗ്വെ ബോക്‌സിലേക്ക് അടിച്ചു. പോസ്റ്റിന് മുന്നിലുള്ള റൊഡ്രിഗസ് മികച്ച ഹെഡറിലൂടെ പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ ഉറുഗ്വെ ഉണര്‍ന്നുകളിച്ചെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് ഒരു ഗോള്‍ നേടാനായില്ല. ഒരു ജയവും ഒരു സമനിലയുമായി അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി.
കോപ്പയില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ചിലി ബൊളീവിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. എഗ്വാര്‍ഡോ വര്‍ഗാസിന്റെ പാസ്സില്‍ നിന്ന് ബെന്‍ ബ്രറട്ടനാണ് ചിലിയുടെ ഗോള്‍ നേടിയത്.