ലോകകപ്പ് യോഗ്യത; കോപ്പയ്ക്ക് ശേഷം ബ്രസീലും അര്‍ജന്റീനയും ഇന്ന് നേര്‍ക്കുനേര്‍

കഴിഞ്ഞ മല്‍സരത്തില്‍ വെനിസ്വേലയുടെ അഡ്രിയാന്‍ മാര്‍ട്ടിന്‍സിനോട് ടാക്കിളിന് വിധേയനായ മെസ്സിക്ക് പരിക്കേറ്റിരുന്നു

Update: 2021-09-05 09:09 GMT


സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ പവര്‍ഹൗസുകള്‍ ഇന്ന് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ നേര്‍ക്കുനേര്‍ വരുന്നു. കോപ്പാ അമേരിക്കന്‍ ജേതാക്കളായ അര്‍ജന്റീനയും ഒളിംപിക്‌സ് ജേതാക്കളായ ബ്രസീലുമാണ് ഇന്ന് രാത്രി 12.30ന് നടക്കുന്ന യോഗ്യതാ മല്‍സരത്തില്‍ നേര്‍ക്കുവരുന്നത്.കോപ്പാ അമേരിക്കയിലെ ഫൈനലിന് ശേഷം ആദ്യമായാണ് ഇരുവരും നേര്‍ക്ക് നേര്‍ വരുന്നത്. കോപ്പയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചാണ് ടീറ്റെയുടെ കുട്ടികള്‍ ഇറങ്ങുന്നത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന വമ്പന്‍മാര്‍ മഞ്ഞപ്പടയുടെ കൂടെയില്ലാത്തത് അവര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മല്‍സരത്തില്‍ ചിലിയോട് കഷ്ടിച്ചാണ് ജയിച്ചത്.


എന്നാല്‍ അര്‍ജന്റീന മികച്ച ഫോമിലാണ്.കഴിഞ്ഞ മല്‍സരത്തില്‍ വെനിസ്വേലയുടെ അഡ്രിയാന്‍ മാര്‍ട്ടിന്‍സിനോട് ടാക്കിളിന് വിധേയനായ മെസ്സിക്ക് പരിക്കേറ്റിരുന്നു.താരം കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ താരം പൂര്‍ണ്ണ ഫിറ്റാണെന്നും ഇന്ന് കളിക്കുമെന്നും കോച്ച് സ്‌കലോണി വ്യക്തമാക്കി. രാത്രി 12.30നാണ് മല്‍സരം. വെനിസ്വേലയെ 3-1ന് തകര്‍ത്ത അര്‍ജന്റീനന്‍ നിരയില്‍ എല്ലാവരും മികച്ച ഫോമിലാണ്.


പിഎസ്ജിയിലെത്തിയ ശേഷം ആദ്യമായാണ് സഹതാരവും ഉറ്റസുഹൃത്തുമായ നെയ്മര്‍ക്കെതിരേ ലിയോ എതിരാളിയായി വരുന്നത്. ബ്രസീല്‍ ഏറ്റവും വലിയ എതിരാളികളാണെന്നും ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും കോച്ച് വ്യക്തമാക്കി. അന്തിമ ഇലവനെ മല്‍സരത്തിന് തൊട്ടുമുമ്പ് പ്രഖ്യാപിക്കുമെന്നും സ്‌കലോണി അറിയിച്ചു. 21 മല്‍സരങ്ങളുടെ അപരാജിത കുതിപ്പാണ് അര്‍ജന്റീന നടത്തുന്നത്. സാവോപോളോയിലെ ക്വിറിന്‍ന്തന്‍സ് അരീനയിലാണ് മല്‍സരം നടക്കുന്നത്. ഇന്ത്യയില്‍ ലോകകപ്പ് യോഗ്യതാ ലാറ്റിന്‍ അമേരിക്കാ വിഭാഗത്തിലെ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല.




Tags:    

Similar News