പിഎസ്ജി മെസ്സിയെ സസ്‌പെന്റ് ചെയ്തു

കുടുംബത്തോടൊപ്പമാണ് മെസ്സി സൗദി സന്ദര്‍ശനം നടത്തിയത്.

Update: 2023-05-03 08:45 GMT

പാരിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ സസ്പെന്റ് ചെയ്ത് പിഎസ്ജി. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് എതിരെയാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. ഈ കാലയളവില്‍ കളിക്കുന്നതിനും പരിശീലനത്തിനും അനുമതിയില്ല. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മെസ്സി.

കുടുംബത്തോടൊപ്പമാണ് മെസ്സി സൗദി സന്ദര്‍ശനം നടത്തിയത്. ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവര്‍ക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മെസ്സി സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയായിരുന്നു. സൗദി സന്ദര്‍ശനത്തിന് പിഎസ്ജി മാനേജര്‍ ക്രിസ്റ്റഫ് ഗാട്ട്‌ലിയറും സ്‌പോര്‍ട്ടിങ് അഡൈ്വസര്‍ ലൂയിസ് കാമ്പോസും യാത്രക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടൂറിസം മന്ത്രി അഹ്‌മദ് അല്‍ ഖത്തീബ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുക്കൊണ്ടാണ് താരത്തെയും കുടുംബത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തത്. ടൂറിസം അംബാസിഡര്‍ എന്ന നിലയില്‍ രണ്ടാമത്തെ തവണയാണ് മെസ്സി സൗദി സന്ദര്‍ശിക്കുന്നത്. 2022 മേയ് മാസം സുഹൃത്തുക്കള്‍ക്കൊപ്പവും മെസ്സി സൗദി സന്ദര്‍ശിച്ചിരുന്നു. മെസ്സിയെ ടീമിലെത്തിക്കാന്‍ സൗദിയിലെ അല്‍ ഹിലാല്‍ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൂണില്‍ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരം ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.





Tags:    

Similar News