ബാലണ്‍ ഡിയോര്‍ ഏഴാം തവണയും ഫുട്‌ബോളിലെ മിശ്ശിഹായ്ക്ക്
2020-21 സീസണില്‍ 56 മല്‍സരങ്ങളില്‍ നിന്നും 41 ഗോളുകളും 17 അസിസ്റ്റും മെസ്സി സ്വന്തമാക്കി.
പാരിസ്: ലോക ഫുട്‌ബോളിലെ ഒരേ ഒരു രാജാവായി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ഏഴാം തവണയും മെസ്സി സ്വന്തമാക്കി. ഇന്ന് പുലര്‍ച്ചെ പാരിസില്‍ നടന്ന ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ അര്‍ജന്റീനയ്ക്കായി കോപ്പാ അമേരിക്ക കിരീടവും ബാഴ്‌സലോണയ്ക്കായി സ്പാനിഷ് ലീഗില്‍ ടോപ് സ്‌കോര്‍ പട്ടവും മെസ്സി കരസ്ഥമാക്കിയിരുന്നു. പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, ഇറ്റലിയുടെ ചെല്‍സി താരം ജോര്‍ജ്ജീഞ്ഞോ എന്നിവരെ പോരാട്ടത്തിനൊടുവിലാണ് മെസ്സി പരാജയപ്പെടുത്തിയത്. ലെവന്‍ഡോസ്‌കി രണ്ടാമതും ജോര്‍ജ്ജീഞ്ഞോ മൂന്നാമതും ഫിനിഷ് ചെയ്തു.
അഞ്ച് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. ഇത്തവണ യുനൈറ്റഡ് താരം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണില്‍ യുവന്റസിനൊപ്പമായിരുന്ന റോണയ്‌ക്കോ ക്ലബ്ബിന് വേണ്ടിയും പോര്‍ച്ചുഗലിന് വേണ്ടിയും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാനാവത്തതാണ് തിരിച്ചടിയായത്. റയലിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സിമ നാലാമതും ചെല്‍സിയുടെ ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെ അഞ്ചാമതായും ഫിനിഷ് ചെയ്തു.
2020-21 സീസണില്‍ 56 മല്‍സരങ്ങളില്‍ നിന്നും 41 ഗോളുകളും 17 അസിസ്റ്റും മെസ്സി സ്വന്തമാക്കി. 2009,2010, 2011, 2012, 2015, 2019 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി ബാലണ്‍ ഡിയോര്‍ സ്വന്തമാക്കിയത്.34കാരനായ താരം ഈ സീസണിലാണ് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയിലേക്ക് കൂടുമാറിയത്.കഴിഞ്ഞ തവണത്തെ ബാലണ്‍ ഡിയോറിന് റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയാണ് അര്‍ഹനെന്ന് മെസ്സി വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ തവണത്ത ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഒഴിവാക്കിയിരുന്നു.