മെസ്സിക്ക് ബലോണ്‍ ഡി ഓര്‍ ലഭിക്കാന്‍ പിഎസ്ജിയുടെ ഇടപെടല്‍; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
പാരിസ്: അര്‍ജന്റിനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് 2021ലെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ലഭിക്കാനായി പിഎസ്ജി അധികൃതര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയതായി റിപ്പോര്‍ട്ട്. പിഎസ്ജിയും ഫ്രാന്‍സ് ഫുട്‌ബോളിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പാസ്‌കല്‍ ഫെരേയുമായി 'വളരെ അടുത്ത ബന്ധം' ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. പുരസ്‌കാരം നല്‍കുന്ന ബലോണ്‍ ഡി ഓര്‍ ഗാലയുടെ ചുമതലയും പാസ്‌കല്‍ ഫെരേയ്ക്ക് ഉണ്ടായിരുന്നു. ഫ്രഞ്ച് മാധ്യമമായ ലേമോന്‍ഡെ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2021ല്‍ മെസ്സിക്ക് ഏഴാം ബലോണ്‍ ഡി ഓര്‍ ലഭിക്കാനായി പിഎസ്ജി പാസ്‌കല്‍ ഫെരേയ്ക്ക് നിരവധി 'സമ്മാനങ്ങള്‍' നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി ടിക്കറ്റുകളും ഖത്തര്‍ എയര്‍വേസില്‍ റൗണ്ട് ട്രിപ് ബിസിനസ് ഫ്ളൈറ്റുകളുമുള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പിഎസ്ജി ഫെരേയ്ക്ക് നല്‍കിയത്. മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.
സംഭവത്തില്‍ പിഎസ്ജി മുന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്സിനെതിരേ അന്വേഷണമാരംഭിച്ചു. 2021ലെ പുരസ്‌കാര നേട്ടത്തോടെ, ബലോണ്‍ ഡി ഓര്‍ ലഭിക്കുന്ന ആദ്യ പിഎസ്ജി താരമായി മെസ്സി മാറി. കഴിഞ്ഞ വര്‍ഷം എട്ടാം ബലോണ്‍ ഡി ഓര്‍ സ്വന്തമാക്കിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാര നേട്ടത്തിലെത്തിയ ഫുട്‌ബോളറും.