പാരിസ്: ബാലണ്‍ ഡിയോര്‍ 2023 ജേതാവിനെ അറിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. 30 പേരടങ്ങുന്ന പട്ടികയാണെങ്കിലും പുരസ്‌കാരത്തിനായി പ്രധാന മത്സരം ലയണല്‍ മെസ്സിയും എര്‍ലിംഗ് ഹാലന്റും തമ്മിലാണ്. മെസ്സി ഏഴ് തവണ പുരസ്‌കാരം നേടിയിട്ടുണ്ട്.യുവേഫയുടെ മികച്ച താരമായതിന് ശേഷം ബാലണ്‍ ഡിയോറും നേടാനാണ് എര്‍ലിംഗ് ഹാലന്റിന്റെ തയ്യാറെടുപ്പ്.
അര്‍ജന്റീനയെ ലോക ചാംപ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീഗ് വണ്‍ ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്‌കാര പട്ടികയിലെത്തിച്ചത്. ചാംപ്യന്‍സ് ലീഗിലും ലീഗ് വണ്ണി ലുമായി 39 മത്സരങ്ങളില്‍ നിന്ന് മെസ്സി 40 ഗോളുകള്‍ നേടിയിരുന്നു. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ മെസ്സി 1000 മത്സരങ്ങളെന്ന നാഴികകല്ല് പിന്നിട്ടു.
നോര്‍വെയില്‍ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് എത്തിയ താരമാണ് ഹാലന്റ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് ഹാലന്റ് വലയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആകെ 52 ഗോളുകള്‍ സിറ്റിക്കായി നേടി. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ സിറ്റി നേടുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച താരം. ചരിത്രത്തില്‍ ആദ്യമായി സിറ്റിയുടെ ട്രബിള്‍ നേട്ടത്തില്‍ ഹാലന്റിന്റെ പേരും സുവര്‍ണ ലിപികളാല്‍ കൊത്തിവെയ്ക്കപ്പെടും.