സിദാന് ശേഷം ഫ്രാന്‍സിലേക്ക് വന്ന ബാലണ്‍ഡി ഓര്‍ ബെന്‍സിമയിലൂടെ
സാദിയോ മാനെ, കെവിന്‍ ഡി ബ്രൂണി, ലെവന്‍ഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സിമയുടെ നേട്ടം.
പാരിസ്: റയല്‍-ഫ്രഞ്ച് ഇതിഹാസമായ സിനദിന്‍ സിദാന് ശേഷം ആദ്യമായി ഫ്രാന്‍സിലേക്ക് എത്തുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ് ബെന്‍സിമ ഇന്ന് സ്വന്തമാക്കിയത്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരം ബെന്‍സിമ നേടിയതും റയലിന്റെ അതികായകനായി തന്നെയാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഫ്രാന്‍സില്‍ വച്ച് നടന്ന ചടങ്ങിലാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്.കഴിഞ്ഞ സീസണില്‍ 46 മല്‍സരങ്ങളില്‍ നിന്നും 44 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്.
റയലിന്റെ ചാംപ്യന്‍സ് ലീഗ്-സ്പാനിഷ് ലീഗ് കിരീട നേട്ടത്തിന് പിന്നിലെ പ്രധാന തുരുപ്പ് ചീട്ട് ബെന്‍സിമ ആയിരുന്നു. 1998ലാണ് സിദാന്‍ ഫ്രാന്‍സിനായി ആദ്യമായി ബാലണ്‍ ഡി ഓര്‍ നേടിയത്. സാദിയോ മാനെ, കെവിന്‍ ഡി ബ്രൂണി, ലെവന്‍ഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സിമയുടെ നേട്ടം. സ്‌പെയിനിന്റെ ബാഴ്‌സാ മിഡ്ഫീല്‍ഡര്‍ അലക്‌സിയ പ്യുട്ടേലാസാണ് മികച്ച വനിതാ ഫുട്‌ബോള്‍ താരം.