ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും സമനിലയില്‍ കുരുങ്ങി
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് സമനില പൂട്ട്. ഒമ്പതാം സ്ഥാനക്കാരായ ഫുള്‍ഹാമിനോടാണ് ഇന്നലെ നടന്ന മല്‍സരത്തില്‍ ചെമ്പട 2-2 സമനില വഴങ്ങിയത്.ഗാക്ക്പോ, ഡിഗോ ജോട്ടാ എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. മല്‍സരത്തിന്റെ 17ാം മിനിറ്റില്‍ റോബര്‍ട്ട്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. 10 പേരായി ചുരുങ്ങിയെങ്കിലും ലിവര്‍പൂള്‍ സമനിലയുമായി രക്ഷപ്പെട്ടു.
മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ ആഴ്സണലിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. ലെസ്റ്റര്‍ സിറ്റിയെ ന്യൂകാസില്‍ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി. വോള്‍വ്സിനെ ഇപ്സ്വിച്ച് ടൗണ്‍ 2-1ന് പരാജയപ്പെടുത്തി. നോട്ടിങ്ഹാം ഫോറസ്റ്റ് ആസ്റ്റണ്‍ വില്ലയെ 2-1നും മറികടന്നു.
ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിലാണ് മല്‍സരം. ബ്രന്റ്ഫോഡ് ചെല്‍സിയെയും ടോട്ടന്‍ഹാം സതാംപടണിനെയും നേരിടും.
സ്പാനിഷ് ലീഗില്‍ റയോ വാല്‍ക്കാനോയാടാണ് റയല്‍ സമനില വഴങ്ങിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3-3നാണ് മല്‍സരം അവസാനിച്ചത്. വാല്‍വര്‍ഡെ(39), ജൂഡ് ബെല്ലിങ്ഹാം (45), റൊഡ്രിഗോ (56) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. റയലിന്റെ ഒരു ഗോളിന് റൊഡ്രിഗോ അസിസ്റ്റ് ഒരുക്കി. ഗുല്ലര്‍ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കി. വാല്‍ക്കാനോയ്ക്കായി ഉനായി ലോപസ് (4), മുംമിന്‍ (36), പല്‍സോണ്‍ (64) എന്നിവര്‍ വലകുലിക്കി. റയല്‍ താരം ജൂഡ് ബെല്ലിങ്ഹാം തുടര്‍ച്ചയായ ആറ് മല്‍സരങ്ങളിലും ടീമിനായി സ്‌കോര്‍ ചെയ്തു. പരിക്കിനെ തുടര്‍ന്ന് കിലിയന്‍ എംബാപ്പെ ഇന്ന് ടീമിനായി ഇറങ്ങിയിരുന്നില്ല. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സലോണ ലെഗനീസിനെയും അത്‌ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫയെയും നേരിടും.