ഫെലിക്‌സിനെ സ്വന്തമാക്കാന്‍ യുനൈറ്റഡ്; സിദാനു വേണ്ടി വലയെറിഞ്ഞ് യുവന്റസ്
ലണ്ടന്‍: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സിനെ റാഞ്ചാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരുങ്ങുന്നു. ബൊറുസീയാ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലണ്ട് താരം ജെയ്ഡന്‍ സാഞ്ചോ, ടോട്ടന്‍ ഹാമിന്റെ ഹാരി കെയ്ന്‍, ആസ്റ്റണ്‍ വില്ലയുടെ മധ്യനിര താരം ജാക്ക് ഗ്രേലിഷ് എന്നിവര്‍ക്ക് പിറകെയാണ് യുനൈറ്റഡ് ഫെലിക്‌സിനായും വലയെറിയുന്നത്. മൂന്ന് താരങ്ങളും യുനൈറ്റഡിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ഫെലിക്‌സും യുനൈറ്റഡില്‍ തിളങ്ങുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷമാണ് ബെന്‍ഫിക്കയില്‍ നിന്നും സ്പാനിഷ് ക്ലബ്ബായാ അത്‌ലറ്റിക്കോ മാഡ്രിഡില്‍ ഫെലിക്‌സ് എത്തുന്നത്. മാഡ്രിഡില്‍ മോശമല്ലാത്ത ഫോം തുടരുന്നുണ്ടെങ്കിലും യുനൈറ്റഡിന്റെ ഓഫര്‍ താരം ഒഴിവാക്കില്ലെന്നാണ് റിപോര്‍ട്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഫുട്‌ബോള്‍ ലോകത്ത് സാമ്പത്തിക മാന്ദ്യം ഉടലെടുത്തെങ്കിലും സമ്മര്‍ ട്രാന്‍സ്ഫറിനെ അത് സാരമായി ബാധിക്കില്ലെന്നാണ് റിപോര്‍ട്ട്. ഇത്തവണയും വന്‍ താര കൈമാറ്റത്തിനാണ് വിപണി തയ്യാറെടുക്കുന്നത്.
അതിനിടെ, റയല്‍ മാഡ്രിഡ് കോച്ച് ഫ്രാന്‍സിന്റെ സിനദിന്‍ സിദാനെ ഇറ്റലിയിലെത്തിക്കാന്‍ യുവന്റസ്. യുവന്റസിന്റെ കോച്ചായി സിദാനെ നിലനിര്‍ത്താനാണ് ക്ലബ്ബിന്റെ ആഗ്രഹം. നിലവിലെ കോച്ച് മൗറിസിയോ സാരിയെ മാറ്റാനാണ് ആലോചന. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, സിദാനോ സാരിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.