മാഞ്ചസ്റ്റര്‍: സമ്മര്‍ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെ. പോഗ്‌ബെയുമായുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റയല്‍ മാഡ്രിഡ് വ്യക്തമാക്കുന്നത്. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ത് വിലകൊടുത്തും പോഗ്‌ബെയെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. പുത്തന്‍ സൈനിങ് ബ്രൂണോ ഫെര്‍ണാണ്ടസുമായി കാണുന്ന കോമ്പിനേഷന്‍ പോഗ്‌ബെയുമായുള്ളതാണെന്ന് കോച്ച് സോള്‍ഷ്യര്‍ ഇതിനോടകം വ്യക്തമാക്കിയിരുന്നു. പോഗ്‌ബെ യുനൈറ്റഡില്‍ നില്‍ക്കുമെന്നും ബ്രൂണോയ്‌ക്കൊപ്പം താരം തിളങ്ങുമെന്നാണു കോച്ചിന്റെ കണക്കുകൂട്ടല്‍. പരിക്കില്‍ നിന്ന് മോചിതനായ പോഗ്‌ബെ ഈ സീസണിലും തുടര്‍ന്നും ടീമിനൊപ്പമുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2022 വരെയാണ് പോഗ്‌ബെയുടെ യുനൈറ്റഡിലെ കരാര്‍. സ്‌പെയിനിലേക്ക് പറക്കാനിരിക്കുന്ന പോഗ്‌ബെ കരാര്‍ പുതുക്കില്ലെന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. കോച്ച് സിദാനു കീഴില്‍ കളിക്കാന്‍ നേരത്തെ പോഗ്‌ബെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ കരാറാണ് ഇക്കൊല്ലം നടക്കാന്‍ പോവുന്നത്. യുനൈറ്റഡില്‍ താരം സന്തുഷ്ടനല്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യുനൈറ്റഡിനെ ഒന്നാം നമ്പര്‍ ക്ലബ്ബാക്കി മാറ്റാന്‍ പോഗ്‌ബെയെ മുന്നില്‍ വച്ച് നയിക്കാനാണ് സോള്‍ഷ്യറുടെ തീരുമാനം. അതിനിടെയാണ് താരം റയലിലേക്ക് ചേക്കേറാന്‍ തുനിഞ്ഞത്. മാര്‍ക്കസ് റാഷ്‌ഫോഡ്, ആന്റോണിയാ മാര്‍ഷ്യല്‍, ഫെര്‍ണാണ്ടസ്, പോഗ്‌ബെ എന്നിവരുമായി മികച്ച കോമ്പിനേഷന്‍ തയ്യാറാക്കാനാണ് സോള്‍ഷ്യറുടെ ശ്രമം. അടുത്ത സീസണില്‍ യുനൈറ്റഡിനെ പ്രീമിയര്‍ ലീഗിലെ ഒന്നാം നിര ക്ലബ്ബാക്കി മാറ്റാനാണ് സോള്‍ഷ്യറുടെ ശ്രമം.