പോഗ്‌ബെ യുനൈറ്റഡ് വിടുന്നു; വലവിരിച്ച് റയലും യുവന്റസും
ഈ സീസണില്‍ യുനൈറ്റഡിന്റെ പ്രകടനത്തില്‍ അതൃപ്തനായിട്ടാണ് താരം ക്ലബ്ബ് ഉപേക്ഷിക്കാനൊരുങ്ങുന്നത്.
ന്യൂയോര്‍ക്ക്: മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ ക്ലബ്ബ് വിടാനൊരുങ്ങുന്നു. ഈ സീസണില്‍ യുനൈറ്റഡിന്റെ പ്രകടനത്തില്‍ അതൃപ്തനായിട്ടാണ് താരം ക്ലബ്ബ് ഉപേക്ഷിക്കാനൊരുങ്ങുന്നത്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള പോഗ്‌ബെ ഈ സീസണില്‍ തുടര്‍ന്ന് യുനൈറ്റഡിലേക്കില്ലെന്നാണ് താരത്തിന്റെ ഏജന്റ് മിനോ റയോള വ്യക്തമാക്കിയത്. മുന്‍നിര ക്ലബ്ബുകളില്‍ കളിക്കാനാണ് ഫ്രഞ്ച് താരം കൂടിയായ പോഗ്‌ബെയ്ക്ക് ആഗ്രഹം.
മുന്‍ ക്ലബ്ബായ യുവന്റസില്‍ നിന്ന് യുനൈറ്റഡിലേക്ക് ചേക്കേറിയത് ഈ ലക്ഷ്യം വെച്ചാണ്. എന്നാല്‍ നിലവില്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ അഞ്ചാ സ്ഥാനത്താണ്. പോഗ്‌ബെ ക്ലബ്ബ് വിടുന്ന പക്ഷം യുനൈറ്റഡിന്റെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത എന്ന സ്വപ്‌നവും അവസാനിക്കും. ടോപ് ഫോറിലെ ക്ലബ്ബുകളാണ് ചാംപ്യന്‍സ് ലീഗിന് തിരഞ്ഞെടുക്കുക. പോഗ്‌ബെ ടീമില്‍ നിന്നും പിന്‍വാങ്ങുന്ന പക്ഷം യുനൈറ്റഡിന് ഇത് തിരിച്ചടിയാവും. അതിനിടെ പോഗ്‌ബെയ്ക്ക ക്ലബ്ബ് വിടാമെന്നും താരത്തിനായി വന്‍ തുക ആവശ്യപ്പെടുമെന്നും യുനൈറ്റഡ് അധികൃതരെ ഉദ്ധരിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.
തന്റെ മുന്‍ ക്ലബ്ബായ യുവന്റസും സ്പാനിഷ് ക്ലബ്ബ് റയലുമാണ് താരത്തിനായി മുന്‍നിരയിലുള്ളത്. കോച്ചും ഫ്രഞ്ച് മുന്‍ താരവുമായ സിദാനൊപ്പം റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ പോഗ്‌ബെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ പോഗ്‌ബെയ്ക്കായി റയല്‍ ഇറങ്ങിയിരുന്നെങ്കിലും താരത്തെ ലഭിച്ചിരുന്നില്ല. നിലവില്‍ പോഗ്‌ബെയെ പോലെയുള്ള ഒരു താരത്തെ ഇരുടീമിനും അത്യാവശ്യമാണ്.