സിറ്റിക്ക് കിരീടത്തിനായി കാത്തിരിക്കണം; ഇത്തിഹാദില്‍ ചെല്‍സിക്ക് മുന്നില്‍ വീണു

63ാം മിനിറ്റില്‍ മൊറാക്കോ താരം സിയാച്ചിലൂടെ ബ്ലൂസ് സമനില പിടിച്ചു.

Update: 2021-05-08 19:03 GMT


ഇത്തിഹാദ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇനിയും കാത്തിരിക്കണം. ജയത്തോടെ മൂന്ന് പോയിന്റ് നേടി ഇന്ന് കിരീടം കൈക്കലാക്കാമെന്ന സിറ്റിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത് ചെല്‍സിയാണ്. ഇന്ന് നടന്ന മല്‍സരത്തില്‍ 2-1നാണ് ചെല്‍സിയുടെ ജയം. വരുന്ന ചാംപ്യന്‍സ് ലീഗിന്റെ തനിയാവര്‍ത്തനമായ മല്‍സരത്തില്‍ ചെല്‍സിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. നിരവധി അവസരങ്ങളാണ് ചെല്‍സി സൃഷ്ടിച്ചത്. മല്‍സരത്തില്‍ 44ാം മിനിറ്റില്‍ ലീഡെടുത്തത് സ്റ്റെര്‍ലിങിലൂടെ സിറ്റി ആയിരുന്നു. അഗ്വേറയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ 48ാം മിനിറ്റില്‍ അഗ്വേറ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി.

63ാം മിനിറ്റില്‍ മൊറാക്കോ താരം സിയാച്ചിലൂടെ ബ്ലൂസ് സമനില പിടിച്ചു. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന സമയത്താണ് ഇഞ്ചുറി ടൈമില്‍ അലോണ്‍സയുടെ ഗോളും ചെല്‍സിയുടെ ജയവും. ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കയറി. ലീഗില്‍ 80 പോയിന്റുള്ള സിറ്റിക്ക് തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് നേടിയാല്‍ കിരീടം സ്വന്തമാക്കാം. ലീഗില്‍ അഞ്ച് മല്‍സരങ്ങള്‍ ബാക്കിയുള്ള രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡ് ഏതെങ്കിലും മല്‍സരത്തില്‍ തോറ്റാലും സിറ്റിക്ക് കിരീടം നേടാം.




Tags:    

Similar News