കോര്‍ണര്‍ എടുക്കാന്‍ നെയ്മറിന് പോലിസ് സുരക്ഷ; മാര്‍സിലെ ആരാധകര്‍ പിഎസ്ജിക്കെതിരേ
നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ടിനെയും മാര്‍സിലെ പ്രതിരോധം പിടിച്ചുകെട്ടി.
പാരിസ്: കഴിഞ്ഞ സീസണില്‍ നടന്ന പിഎസ്ജി-മാര്‍സിലെ കൈയ്യാങ്കളിക്ക് പകരം വീട്ടി മാര്‍സിലെ ആരാധകര്‍. ഇന്ന് പിഎസ്ജിയെ ഒരു ഗോള്‍ പോലും അടിപ്പിക്കാതെ മാര്‍സിലെ പിടിച്ചുകെട്ടുകയായിരുന്നു. മാര്‍സിലെ ആരാധകര്‍ പിഎസ്ജി താരങ്ങള്‍ക്കെതിരേ കുപ്പി വലിച്ചെറിയുകയും അസഭ്യ വാക്കുകള്‍ വിളിച്ചു പറയുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി തവണ മല്‍സരം തടസ്സപ്പെട്ടു. സൂപ്പര്‍ താരം നെയ്മര്‍ക്ക് കോര്‍ണര്‍ എടുക്കാന്‍ പോലിസ് സുരക്ഷയും വേണ്ടി വന്നു. ലയണല്‍ മെസ്സിയും ആരാധകരുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ സീസണില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നിരവധി ചുവപ്പ് കാര്‍ഡുകള്‍ വീണിരുന്നു. ഇന്ന് മാര്‍സിലെയുടെ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പിഎസ്ജി ആരാധകര്‍ക്ക് വിലക്കുണ്ടായിരുന്നു.
അതിനിടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയെ മാര്‍സിലെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. പിഎസ്ജി ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വാര്‍ അത് നിഷേധിക്കുകയായിരുന്നു. സൂപ്പര്‍ താരം അഷ്‌റഫ് ഹക്കീമി 57ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പിഎസ്ജിക്ക് തിരിച്ചടിയായി. ലയണല്‍ മെസ്സിക്ക് ഇന്നും ഫ്രഞ്ച് ലീഗില്‍ അക്കൗണ്ട് തുറക്കാനായില്ല. നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ടിനെയും മാര്‍സിലെ പ്രതിരോധം പിടിച്ചുകെട്ടി. ലീഗില്‍ നാല് മല്‍സരങ്ങള്‍ കളിച്ച മെസ്സിക്ക് ഒരു ഗോളോ അസിസ്‌റ്റോ നേടാന്‍ കഴിയാത്തത് പിഎസ്ജിക്ക് തിരിച്ചടി ആയിരിക്കുകയാണ്.