ലാ ലിഗ; ഒടുവില്‍ മെസ്സി ഗോളില്‍ ബാഴ്‌സയ്ക്ക് ജയം
ജയത്തോടെ ബാഴ്‌സ ലീഗില്‍ എട്ടാം സ്ഥാനത്താണുള്ളത്.
ക്യാംപ് നൗ: തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണ വിജയവഴിയില്‍ . സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ലെവന്റെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ഡി ജോങിന്റെ അസിസ്റ്റില്‍ നിന്ന് ലയണല്‍ മെസ്സി 76ാം മിനിറ്റിലാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ കാഡിസിനോടും ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനോടും ബാഴ്‌സ തോറ്റിരുന്നു. ജയത്തോടെ ബാഴ്‌സ ലീഗില്‍ എട്ടാം സ്ഥാനത്താണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ഐബര്‍ റയല്‍ സോസിഡാഡിനെ 1-1 സമനിലയില്‍ പിടിച്ചു. റയല്‍ സോസിഡാഡ് ആണ് ലീഗില്‍ ഒന്നാമതുള്ളത്.
ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഡബിള്‍ മികവില്‍ യുവന്റസിന് ജയം. ജിനോയെ 3-1നാണ് യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന്റെ ആദ്യ ഗോള്‍ പൗളോ ഡിബാലയുടെ വക 57ാം മിനിറ്റിലായിരുന്നു. രണ്ട് പെനാല്‍റ്റികളിലൂടെയാണ് റൊണാള്‍ഡോയുടെ ഗോളുകള്‍. ലീഗില്‍ യുവന്റസ് നാലാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ പാര്‍മ എസി മിലാനെ സമനിലയില്‍ കുരുക്കി. മിലാനാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഇന്റര്‍മിലാന്‍ കാഗ്ലിയാരിയെ 3-1ന് തോല്‍പ്പിച്ചു. ഇന്റര്‍ ആണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്. മറ്റൊരു മല്‍സരത്തില്‍ നപ്പോളി 2-1ന് സംമ്പഡോറിയയെ തോല്‍പ്പിച്ചു. ജയത്തോടെ നപ്പോളി മൂന്നാം സ്ഥാനത്തെത്തി.