അര്‍ജന്റീനാ ടീമിനൊപ്പം മെസിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍മാര്‍

ന്യൂഡല്‍ഹി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബറില്‍ സംസ്ഥാനത്ത് എത്തും. ഒരു പ്രദര്‍ശന മത്സരത്തിലും ഇവര്‍ കളിക്കുമെന്ന് അര്‍ജന്റീന ടീമീന്റെ ഔദ്യോഗിക സ്‌പോണസര്‍മാരായ എച്ച്എസ്ബിസി അറിയിച്ചു. പതിനാല് വര്‍ഷത്തിനു ശേഷമാണ് മെസി വീണ്ടും ഇന്ത്യയിലെത്തുന്നത്.
എച്ച്എസ്ബിസി ഇന്ത്യ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവ് സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായത്. അര്‍ജന്റീനയും മെസിയും ഒക്ടോബറില്‍ ഒരു പ്രദര്‍ശന മത്സരത്തിനായി രാജ്യത്ത് എത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അര്‍ജന്റീന ദേശീയ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിലായിരിക്കും മെസിയുടെയും ടീമിന്റെ സന്ദര്‍ശനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയില്‍ വെനസ്വലയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു മെസിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന 1-0ന് വിജയം നേടിയിരുന്നു. ശേഷം ഇതുവരെ മെസി ഇന്ത്യയിലേക്ക് വന്നിരുന്നില്ല. മെസിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ ഫുട്ബോള്‍ ആരാധകര്‍.