ഫലസ്തീന്‍; ലോകനേതാക്കളോട് സഹായം ആവശ്യപ്പെട്ട് മുഹമ്മദ് സലാഹ്
അള്‍ജീരിയന്‍ താരം മെഹറസും മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.
ഗസ; ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സലാഹിന്റെ ആഹ്വാനം. നിരപരാധികളായ നിരവധി പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെടുന്നത്. ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനടങ്ങുന്ന ലോക നേതാക്കള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് അക്രമത്തിന് അവസാനം കാണണമെന്നും സലാഹ് ആവശ്യപ്പെട്ടു. സഹതാരം സാദിയോ മാനെയും അക്രമത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. അല്‍അഖ്‌സാ പള്ളിയുടെ ചിത്രം പങ്കുവെച്ച് വേദനാജനകം എന്ന കുറിപ്പോടെയാണ് മാനെയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ്.
നേരത്തെ മുന്‍ ജര്‍മ്മന്‍ താരം മൊസ്യൂദ് ഓസില്‍ കളിക്കുന്ന തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയുടെ താരങ്ങളും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മല്‍സരത്തിനിറങ്ങിയത്. കൂടാതെ ചിലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ ഫലസ്തീനോ ക്ലബ്ബും മാഞ്ച്‌സറ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ താരം മെഹറസും മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.