ബാഴ്‌സയുടെ ചര്‍ച്ചയില്‍ പങ്കെടുത്തില്ല; പിതാവ് പറഞ്ഞത് അനുസരിച്ചു:നെയ്മര്‍ കോടതിയില്‍
സാവോപോളോ: വഞ്ചനാകേസില്‍ ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍ കോടതിയില്‍ ഹാജരായി. വഞ്ചനാകേസില്‍ താന്‍ നിരപരാധിയാണെന്ന് നെയ്മര്‍ കോടതിയെ അറിയിച്ചു. 2013ല്‍ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് ബാഴ്‌സയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിരുന്നില്ല. പിതാവ് പറഞ്ഞത് അനുസരിക്കുകയായിരുന്നു. പിതാവ് പറഞ്ഞ സ്ഥലങ്ങളില്‍ താന്‍ ഒപ്പുവച്ചെന്നും താരം കോടതിയെ അറിയിച്ചു. ബാഴ്‌സയില്‍ കളിക്കുകയെന്നത് തന്റെ അന്നത്തെ ഏറ്റവും വലിയ മോഹമായിരുന്നുവെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും താരം വ്യക്തമാക്കി.
2013ല്‍ സാന്റോസില്‍ നിന്നും ബാഴ്സയിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ട കേസിലാണ് താരം വിചാരണ നേരിടുന്നത്. ബ്രസീലിയന്‍ നിക്ഷേപക സ്ഥാപനമായ ഡിഐഎസാണ് നെയ്മര്‍ക്കെതിരേ പരാതി നല്‍കിയത്. നെയ്മറെ കൂടാതെ മാതാപിതാക്കള്‍, സാന്റോസ് ക്ലബ്ബ് ഉടമ, ബാഴ്സ ഉടമ, മുന്‍ ബാഴ്സ പ്രസിഡന്റ് ബാര്‍ത്യുമ എന്നിവരും കേസില്‍ പ്രതികളാണ്. 17ാം വയസ്സില്‍ ഡിഐഎസ്സിന് നെയ്മറുടെ മേല്‍ 40 ശതമാനം അവകാശം ഉണ്ടായിരുന്നു. എന്നാല്‍ ഡിഐഎസ്സിന്റെ സമ്മതം വാങ്ങാതെ നെയ്മര്‍ ബാഴ്സയിലേക്ക് ചേക്കേറുകയായിരുന്നു. ഡിഐഎസ്സിന് 17 മില്ല്യണ്‍ അന്ന് കൈമാറിയെങ്കിലും താരത്തിന്റെ അവകാശത്തിനുള്ള പങ്ക് പൂര്‍ണ്ണായും ലഭിച്ചില്ലെന്നാണ് പരാതി. കൂടാതെ ബാഴ്സ വാങ്ങിയ തുകയേക്കാള്‍ നല്‍കാന്‍ ക്ലബ്ബുകള്‍ ഉണ്ടായിട്ടും താരത്തെ ബാഴ്സയ്ക്ക് നല്‍കിയതിനെതിരേയും ഡിഐഎസ് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.