റഫറിയെ അപമാനിച്ചു; നെയ്മറിന് വിലക്ക്

റഫറിമാരെ അപമാനിച്ചു എന്ന കുറ്റത്തിനാണ് താരത്തിന് വിലക്ക്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പിഎസ്ജി തോറ്റത്തില്‍ മനംനൊന്ത നെയ്മര്‍ സോഷ്യല്‍മീഡിയയിലൂടെ റഫറിമാരെ അധിക്ഷേപിച്ചിരുന്നു.

Update: 2019-04-26 19:12 GMT

പാരിസ്: പിഎസ്ജി താരം ബ്രിസീലിന്റെ നെയ്മറെ യുവേഫാ മുന്ന് മല്‍സരങ്ങളില്‍ നിന്ന് വിലക്കി. റഫറിമാരെ അപമാനിച്ചു എന്ന കുറ്റത്തിനാണ് താരത്തിന് വിലക്ക്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പിഎസ്ജി തോറ്റത്തില്‍ മനംനൊന്ത നെയ്മര്‍ സോഷ്യല്‍മീഡിയയിലൂടെ റഫറിമാരെ അധിക്ഷേപിച്ചിരുന്നു. ഫുട്‌ബോള്‍ അറിയാത്തവരാണ് വാറിന് മുന്നിലിരിക്കുന്നവരെന്നും തോന്നിയത് വിളിച്ചു പറയുന്നവരാണ് അവരെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് യുവേഫാ താരത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ നെയ്മര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുവേഫാ ശിക്ഷ വിധിച്ചത്.

പരിക്കിനെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗ് അടക്കമുള്ള മൂന്ന് മാസത്തെ മല്‍സരങ്ങളില്‍ നെയ്മര്‍ കളിച്ചിരുന്നില്ല. കളത്തിന് പുറത്തിരുന്നാണ് നെയ്മര്‍ റഫറിമാരെ രൂക്ഷമായ രീതിയില്‍ അധിക്ഷേപിച്ചത്. വിലക്കിനെ തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ നെയ്മറിന് നഷ്ടമാവും. ചാംപ്യന്‍സ് ലീഗില്‍ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ ഇഞ്ചുറി ടൈമില്‍ പിഎസ്ജിക്കെതിരായി വാറിന്റെ അടിസ്ഥാനത്തില്‍ പെനാല്‍റ്റി വിധിച്ചിരുന്നു.

ഈ പെനാല്‍റ്റിയെടുത്ത മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഗോളോടെ യുനൈറ്റഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. വാര്‍ പിന്‍വലിക്കണമെന്നും നെയ്മര്‍ ആവശ്യപ്പെട്ടിരുന്നു. നെയ്മറിന്റെ അഭാവത്തില്‍ എംബാപ്പെയുടെ മികവില്‍ പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയിരുന്നു. പരിക്ക് മാറിയ നെയ്മര്‍ പിഎസ്ജി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Tags:    

Similar News