നെയ്മര്‍ പിഎസ്ജി വിടുന്നു; പുതിയ തട്ടകം റയല്‍

Update: 2019-05-05 06:37 GMT

സാവോ പോളോ: പിഎസ്ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാണ് പ്രമുഖ ബ്രസീലിയന്‍ താരം ചേക്കേറുന്നത്. സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രമായ മുണ്ടോ ഡിപ്പോര്‍ട്ടീവാണ് വാര്‍ത്ത പുറത്ത് വിട്ടത്. പുതിയ സീസണില്‍ നെയ്മറിനെ റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍ കാണുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും പത്രം പറയുന്നു.

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ കിലിയന്‍ എംബാപ്പെയ്ക്കാണ് കൂടുതല്‍ പരിഗണനയെന്നും ഇത് താരത്തിന് മനോവിഷമമുണ്ടാക്കുന്നതായും നേരത്തെ ഒരു ബ്രിസീല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാരണത്താല്‍ ക്ലബ്ബ് വിടുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കൂടാതെ റയല്‍ മാഡ്രിഡ് തന്റെ ഇഷ്ട ക്ലബ്ബാണെന്നും പുതിയ താരം ഈഡന്‍ ഹസാര്‍ഡിനൊപ്പം റയലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും നെയ്മര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്റെ ബ്രിസീലയന്‍ സഹതാരവും റയല്‍ മാഡ്രിഡ് താരവുമായ മാര്‍സെല്ലോയുമായി നെയ്മര്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായും പത്രം ചൂണ്ടികാണിക്കുന്നു. റയലില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി നെയ്മര്‍ വരാന്‍ ആഗ്രഹമുണ്ടെന്നു കോച്ച് സിദാനും വ്യക്തമാക്കിയിരുന്നു.

ലോകറെക്കോഡ് തുകയ്ക്കാണ് നെയ്മറെ 2017ല്‍ പിഎസ്ജി സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കരാര്‍ അവസാനിക്കാന്‍ ഇനി രണ്ട് വര്‍ഷം ബാക്കിയുണ്ട്. നിലവില്‍ 57 തവണ പിഎസ്ജിയ്ക്കായി കളിച്ച നെയ്മര്‍ 50 ഗോളുകളും നേടിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് രണ്ട് സീസണിന്റെ പകുതിയും നെയ്മര്‍ ടീമിന് പുറത്തായിരുന്നു. 222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. റയലിന്റെ ഓഫര്‍ 145 മില്ല്യണ്‍ യൂറോയാണ്. അതിനിടെ റഫറിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് താരം മൂന്ന് മല്‍സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുകയാണ്. കൂടാതെ ആരാധകന്റെ മുഖത്തടിച്ചതിനും ആരാധകരെ അധിക്ഷേപിച്ചതിനുമായി നെയ്മര്‍ അന്വേഷണം നേരിടുകയാണ്. പിഎസ്ജിയില്‍ പരിക്കും വിവാദങ്ങളും നെയ്മറെ മാറാതെ പിന്‍തുടരുകയാണ്. 

Tags:    

Similar News