ചാംപ്യന്‍സ് ലീഗ്; നെയ്മറും എംമ്പാപ്പെയുമില്ലാതെ പിഎസ്ജി റയലിനെതിരേ

Update: 2019-09-18 07:21 GMT

പാരിസ്: ഇന്ന് ചാംപ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി നേരിടുന്നത് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനെ. പ്രമുഖ താരങ്ങളായ നെയ്മര്‍, കിലിയന്‍ എംമ്പാപ്പെ, കവാനി എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുന്നത്. സസ്‌പെന്‍ഷന്‍ കാരണം നെയ്മറും പരിക്ക് കാരണം എംമ്പാപ്പെയും കവാനിയുമാണ് ഇന്ന് പിഎസ്ജിയ്ക്കായി പുറത്തിരിക്കുന്നത്. ഗ്ലാമര്‍ പോരാട്ടത്തില്‍ പ്രമുഖര്‍ ഇല്ലാത്തത് പിഎസ്ജിക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗിലെ തോല്‍വിയെ തുടര്‍ന്ന് നെയ്മര്‍ റഫറിങിനെതിരേ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് യുവേഫാ സസ്‌പെന്‍ഷന്‍ വിധിച്ചത്. മൂന്ന് മല്‍സരത്തില്‍ നിന്നുള്ള വിലക്ക് കഴിഞ്ഞ ദിവസം യുവേഫാ രണ്ട് ദിവസമായി കുറച്ചിരുന്നു.

അതിനിടെ റയല്‍ മാഡ്രിഡിന്റെ ഒരു പിടി താരങ്ങളും പരിക്കിന്റെ പിടിയിലാണ്. മാഴ്‌സലോ, ലൂക്കാ മോഡ്രിച്ച്, ഇസ്‌കോ എന്നിവര്‍ ഇന്ന് കളിക്കില്ല. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് , ഡിഫന്‍ഡര്‍ നാച്ചോ ഫെര്‍ണാണ്ടസ് എന്നിവരും ഇന്ന് റയലിനായി ഇറങ്ങില്ല. സ്പാനിഷ് ലീഗില്‍ നിലവില്‍ റയല്‍ മോശമല്ലാത്ത ഫോമിലാണ്. എന്നിരുന്നാലും പ്രധാന മല്‍സരങ്ങളില്‍ ഫോം നഷ്ടപ്പെടുന്നത് ക്ലബ്ബിന് തിരിച്ചടിയായിരിക്കുകയാണ്. വമ്പന്‍ താരങ്ങളിലെങ്കിലും പിഎസ്ജിയ്ക്ക് തന്നെയാണ് മല്‍സരത്തില്‍ മുന്‍തൂക്കം. ഇന്ന് രാത്രി 12.30നാണ് മല്‍സരം.

Tags:    

Similar News