രണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രക്ഷയില്ല; കലിംഗയിലും ബ്ലാസ്‌റ്റേഴ്‌സിന് ജയമില്ല

Update: 2024-10-03 17:32 GMT

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനില. ഒഡിഷ എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ 2-2നാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രണ്ട് ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്റ്റേഴ്‌സ് ലീഡ് കളയുകയായിരുന്നു.

21 മിനിറ്റിനിടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. 18ാം മിനിറ്റില്‍ നോഹ് സദോയിയും 21ാം മിനിറ്റില്‍ ജീസസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലീഡൊരുക്കിയത്. എന്നാല്‍ 29ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ കോയെഫിന്റെ സെല്‍ഫ് ഗോള്‍ ടീമിന്റെ ലീഡ് കുറച്ചു. പിന്നാലെ 36ാം മിനിറ്റില്‍ ഡീഗോ മൗറീസിയോ ഒഡിഷയ്ക്ക് സമനില ഗോളും സമ്മാനിച്ചു. പിന്നീട് ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇരു പക്ഷവും കടുത്ത ആക്രമണമാണ് കളത്തില്‍ നടപ്പാക്കിയത്.

18ാം മിനിറ്റില്‍ സദൂയി ഇടതു വിങില്‍ നിന്നു ബോക്‌സിലേക്ക് കുതിച്ചെത്തി താരം നടത്തിയ ഇടം കാല്‍ ആക്രമണമാണ് ആദ്യ ഗോളില്‍ കലാശിച്ചത്. പന്ത് ബോക്‌സിന്റെ വലതു മൂലയില്‍ പതിച്ചു. രണ്ടാം ഗോളിലേക്കും വഴി തുറന്നത് സദൂയി തന്നെ. ടീം അതിവേഗ നീക്കത്തിലൂടെയാണ് ലീഡുയര്‍ത്തിയത്. സദൂയി നല്‍കിയ പാസിനെ ജിമെനസ് വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചു.

എന്നാല്‍ ഒഡിഷ അതിവേഗം കളിയിലേക്ക് തിരിച്ചെത്തി. 29ാം മിനിറ്റില്‍ കോര്‍ണര്‍ തടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊയെഫിന്റെ ദേഹത്ത് തട്ടി ഓണ്‍ ഗോളായി മാറി. പന്ത് കൊയെഫ് ബോക്‌സില്‍ നിന്നു പുറത്തേക്ക് അടിച്ചു കളഞ്ഞെങ്കിലും റീപ്ലെയില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നതായി തെളിഞ്ഞു. 36ാം മിനിറ്റില്‍ ബോക്‌സിനകത്തു നിന്നു അഹമ്മദ് ജഹു നല്‍കിയ പാസ് മൗറീഷ്യോ അനായാസം വലയിലാക്കി.ലീഗില്‍ ബ്ലാസ്‌റ്റേഴസ് നാലാം സ്ഥാനത്താണ്.




Tags:    

Similar News