കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ഗോളുകള്‍ നേടി മോഹന്‍ ബഗാന്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 3-2 നാണ് മോഹന്‍ ബഗാന്റെ ജയം. മത്സരത്തിന്റെ 85ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെതിരെ അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളാണ് മോഹന്‍ ബഗാനെ വിജയ തീരത്തെത്തിച്ചത്. ബ്ലാസ്റ്റേഴ്സിനായി ഹിമെനെ ഹെസൂസ് (51ാം മിനിറ്റ്), മിലോസ് ഡ്രിന്‍സിച്ച് (77) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, മോഹന്‍ ബഗാനായി ജാമി മക്ലാരന്‍ (33ാം മിനിറ്റ്), ജെയ്സന്‍ കമ്മിന്‍സ് (85), ആല്‍ബര്‍ട്ടോ (90+4) എന്നിവര്‍ ഗോള്‍ മടക്കി.
മത്സരം തുടങ്ങി 33ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവ് മുതലെടുത്ത് മോഹന്‍ ബഗാന്‍ മുന്നിലെത്തി. ജാമി മക്ലാരനാണ് മോഹന്‍ ബഗാനായി ഗോള്‍ നേടിയത്. ലോങ് റേഞ്ചര്‍ പിടിച്ചെടുക്കുന്നതില്‍ വരുത്തിയ പിഴവില്‍നിന്ന് സച്ചിന്‍ സുരേഷ് ഗോള്‍ വഴങ്ങിയത്. രണ്ടാം പാതിയില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. ബഗാന്റെ പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത് ജിമിനെസ് 51 മിനിറ്റില്‍ സമനില ഗോള്‍ നേടി.
77-ാം മിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. ആറ് മിനിറ്റിന് ശേഷം കമ്മിന്‍സിന്റെ സമനില ഗോളെത്തി. 2-2ന് മത്സരം അവസാനിച്ചെന്നിരിക്കെയാണ് ആല്‍ബര്‍ട്ടോയുടെ ബോക്‌സിന് പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ട് വലയിലെയിലെത്തിയത് സ്‌കോര്‍ 3-2. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നില്‍മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയും വഴി ലഭിച്ച 11 പോയിന്റുമായി 10ാം സ്ഥാനത്താണ്. 10 കളിയില്‍നിന്ന് 23 പോയിന്റുമായാണ് ബഗാനാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്.