ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി നോഹ സദോയി; ഒഡീഷ വീണു

Update: 2025-01-13 17:59 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. 3-2നാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയത്. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മൊറോക്കന്‍ താരം നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. നോഹയെ കൂടാതെ ക്വാമി പെപ്ര, ജിമെനസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ജെറി, ഡോറി എന്നിവരാണ് ഒഡീഷയുടെ സ്‌കോറര്‍മാര്‍.

ജയത്തോടെ 16 കളികളില്‍നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോല്‍വി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് നാലാം മിനിറ്റില്‍ തന്നെ ജെറിയിലൂടെ ഒഡീഷ മുന്നിലെത്തിയത്. 60-ാം മിനിറ്റില്‍ കോറോ സിങ് നീട്ടിയ പന്ത് വലയിലാക്കിയ പെപ്ര ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു. 73-ാം മിനിറ്റില്‍ നോഹ സദോയി ഹെഡ് ചെയ്ത് നല്‍കിയ പന്ത് വലയിലാക്കി ജീസസ് ജിമെനസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡുയര്‍ത്തി.

മഞ്ഞപ്പട വിജയം പ്രതീക്ഷിച്ചിരിക്കെ 80-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഡോറിയിലൂടെ ഒഡീഷ സമനില ഗോള്‍ നേടി. സേവ്യര്‍ ഗാമയുടെ ഷോട്ട് തട്ടിയ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. സച്ചിനില്‍ നിന്ന് പന്ത് നേരേ മുന്നില്‍ കിട്ടിയ ഡോറി ലക്ഷ്യം കണ്ടു.

പിന്നാലെ 83-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട കാര്‍ലോസ് ഡെല്‍ഗാഡോ പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ഒഡീഷയ്ക്കെതിരേ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ വിബിന്‍ നല്‍കിയ പന്ത് വലയിലാക്കിയ നോഹ ബ്ലാസ്റ്റേഴ്സിന് ജയം സമ്മാനിച്ചു.




Tags:    

Similar News