സിദാന്‍ വരില്ല; ഗ്ലാറ്റിയര്‍ പിഎസ്ജിയുടെ പരിശീലകനാവും
ഗ്ലാറ്റിയറുമായുള്ള കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാരിസ്: പിഎസ്ജിയുടെ പുതിയ പരിശീലകനായി ക്രിസ്റ്റോഫെ ഗ്ലാറ്റിയര്‍ വരും. നീസ് പരിശീലകനാണ് ഗ്ലാറ്റിയര്‍. നിലവിലെ പരിശീലകന്‍ പോച്ചീടീനോയെ പുറത്താക്കാന്‍ ക്ലബ്ബ് നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ കോച്ചായി റയല്‍ മാഡ്രിഡ് ഇതിഹാസം സിനദിന്‍ സിദാന്‍ വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സിദാന്‍ പിഎസ്ജിയുടെ പരിശീലകനാവില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാനുള്ള തയ്യാറെടുപ്പിലാണ് താരം. റയലിനൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ സിദാനെ ടീമിലെത്തിച്ച് ക്ലബ്ബിന് ആദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടം നേടാമെന്ന് പിഎസ്ജിയുടെ മോഹങ്ങളാണ് ഇതോടെ അവസാനിച്ചത്. ഫ്രഞ്ച് ലീഗ് വണ്ണിലെ പിഎസ്ജിയുടെ അപരാജിത കിരീട കുതിപ്പിന് 2020-21 സീസണില്‍ അവസാനം കുറിച്ച് ലില്ലെയ്ക്ക് കിരീടം നേടി കൊടുത്ത പരിശീലകനാണ് ഗ്ലാറ്റിയര്‍. കിരീട നേട്ടത്തിന് തൊട്ടുപിറകെ നീസ് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഗ്ലാറ്റിയറുമായുള്ള കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017ല്‍ ലില്ലെയിലെത്തിയ ഗ്ലാറ്റിയര്‍ ടീമിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചിരുന്നു.2018ല്‍ ലില്ലെയെ ഗാള്‍ട്ടിയര്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 2019ല്‍ മൂന്നാം സ്ഥാനത്തും 2020ല്‍ നാലാമതും ടീമിനെ എത്തിച്ചിരുന്നു.തുടര്‍ന്ന് 2021ലായിരുന്നു കിരീട നേട്ടം.