കേരള ബ്ലാസ്‌റ്റേഴ്‌സ് 29 അംഗ പ്രീ സീസണ്‍ സ്‌ക്വാഡില്‍ ഇടംപിടിച്ച് പരിയാപുരത്തിന്റെ മിന്നും താരം ഷഹജാസ്
പെരിന്തല്‍മണ്ണ: കാല്‍പന്തുകളിയില്‍ പന്തടക്കം കൊണ്ട് ശ്രദ്ധേയനായ ഷഹജാസ് ഇനി കേരളത്തിന് സ്വന്തം. കേരള ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ 29 അംഗ പ്രീ സീസണ്‍ സ്‌ക്വാഡില്‍ പരിയാപുരം സ്വദേശി ഷഹജാസ് തെക്കന്‍ (22) ഇടംപിടിച്ചിരിക്കുന്നത്. 2015 മുതല്‍ 2017 വരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഷഹജാസ് 2017-2018 വര്‍ഷങ്ങളില്‍ ബംഗളൂരു ഓസോണ്‍ എഫ്‌സി ടീമിലായിരുന്നു. ബംഗളൂരുവിലെ ഉജ്വലപ്രകടനത്തെത്തുടര്‍ന്ന് 2019ല്‍ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവിളിച്ചു. പിന്നീട് ഈ മിടുമിടുക്കന്‍ റിസര്‍വ് ടീമിന്റെ ക്യാപ്റ്റനുമായി കളം നിറഞ്ഞു.
പൂപ്പലം ദാറുല്‍ഫലാഹ് സ്‌കൂളിലെ എല്‍പി പഠനത്തിനുശേഷം പരിയാപുരം ഫാത്തിമ യുപി സ്‌കൂളില്‍ പഠനം തുടര്‍ന്നു. ഫുട്‌ബോള്‍ പരിശീലനത്തിന് പേരുകേട്ട മലപ്പുറം എംഎസ്പി സ്‌കൂളിലെത്തിയതോടെ ഷഹജാസിനായി സ്വപ്‌നങ്ങളുടെ വാതില്‍ തുറന്നു. എംഎസ്പിയ്ക്കുവേണ്ടി സുബ്രതോ മുഖര്‍ജി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞ് ഏവരുടേയും പ്രിയങ്കരനായി.
കോട്ടയം മാര്‍ ബസേലിയോസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോട്ടയത്തിനായി (സീനിയര്‍ വിഭാഗം) കളിച്ച് മലപ്പുറത്തെ തോല്‍പ്പിച്ചു. റിലയന്‍സ് കപ്പിലും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിലേക്കു വഴിതുറന്നത്. ജ്യേഷ്ഠസഹോദരന്‍ ഷഹബാസ് പെരിന്തല്‍മണ്ണ ന്യൂലൈഫ് ഹെല്‍ത്ത് ക്ലബ്ബില്‍ വെല്‍നെസ് ട്രെയിനറാണ്. അനുജന്‍ ഇജാസും ഫുട്‌ബോള്‍ താരമാണ്. മലപ്പുറം ജില്ലാ (അണ്ടര്‍ 17) ടീമിനായും ഗോകുലും കേരള എഫ്‌സി (അണ്ടര്‍ 17) ടീമിനായും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്.